ബിയറിന് ഒരു മ്യൂസിയം ഉണ്ടെന്ന് എന്ന് കേൾക്കുമ്പോൾ അമ്പരന്ന് പോകുന്നവർ ആയിരിക്കും നമ്മളിൽ ഭൂരിഭാഗം ആളുകളും. ചൈനയിലെ നാൻജിങ് എന്ന സ്ഥലത്തെ വ്യത്യസ്തമാക്കുന്നത് ഇവിടുത്തെ ബിയർ മ്യൂസിയമാണ്.
കഴിഞ്ഞയിടെ സിംഗപ്പൂരിൽ നിന്നെത്തിയ ഒരു സഞ്ചാരിയാണ് ചൈനയിലെ ബിയർ മ്യൂസിയം ലോകത്തിന് മുമ്പിൽ കാണിച്ചത്. ഇത് ലോകത്തിലെ ഏറ്റവും മികച്ച ബിയർ മ്യൂസിയമാണെന്ന് കുറിച്ച അവർ നല്ലൊരു ഫോട്ടോ സ്പോട്ട് കൂടിയാണ് ഇതെന്ന് വ്യക്തമാക്കി.
വിഡിയോ കാണുമ്പോൾ തന്നെ ഇത് വ്യക്തമാകുകയും ചെയ്യും. ബിയർ മ്യൂസിയം എത്ര ഗംഭീരമാണെന്ന് റീലിൽ തന്നെ വ്യക്തമാണ്. മനോഹരമായി വിന്യസിച്ചിരിക്കുന്ന ലൈറ്റുകളാണ് ബിയർ മ്യൂസിയം ഇത്ര ഭംഗിയുള്ളതാക്കി മാറ്റുന്നത്. പതിവ് മ്യൂസിയം കാഴ്ചകളിൽ നിന്ന് വ്യത്യസ്തമാണ് ഈ ബിയർ മ്യൂസിയം. വിഡിയോ പോലെ തന്നെ രസകരമാണ് കമന്റ് സെക്ഷനും. ഇത് ഒരു പറുദീസ പോലെ തോന്നുന്നുവെന്നാണ് ഒരാൾ കുറിച്ചത്.
നാൻജിങ്ങിലെ ഏറ്റവും വലിയ ബിയർ മ്യൂസിയം
നിയുബിയർ വേൾഡ് ക്രാഫ്റ്റ് ബിയർ മ്യൂസിയം എന്നും അറിയപ്പെടുന്ന നാൻജിംഗ് വേൾഡ് ക്രാഫ്റ്റ് ബിയർ മ്യൂസിയം നാൻജിംഗിലെ ഹാൻഷോങ്മെൻ തെരുവിലെ വുയു പ്ലാസയിലാണ് സ്ഥിതി ചെയ്യുന്നത്. നഗരത്തിലെ ജിയാൻയെ ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പൊതുഗതാഗതവുമായി നല്ല രീതിയിൽ ബന്ധപ്പെട്ടിരിക്കുന്നതിനാൽ സഞ്ചാരികൾക്ക് ഇവിടേക്ക് എളുപ്പത്തിൽ എത്തിച്ചേരാം.
മെട്രോ ഉപയോഗിച്ച് ഏറ്റവും അടുത്തുള്ള സ്റ്റേഷനുകളായ ഹാൻഷോങ്മെൻ, ജിയാങ്ഡോങ്മെൻ എന്നിവിടങ്ങളിലേക്ക് എത്തിച്ചേരാം. അവിടെ നിന്ന് മ്യൂസിയം സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് ടാക്സിയിലോ ബസിലോ എത്താവുന്നതാണ്.
നാൻജിങ്ങിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്
നാൻജിങ്ങിലെ പ്രശസ്തമായ ലാൻഡ് മാർക്കുകളിൽ ഒന്നായ സൺ-യാറ്റ്-സെൻ ശവകുടീരം, നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാംസ്കാരിക കേന്ദ്രങ്ങളിൽ ഒന്നായ റി നാൻജിങ് കൂട്ടക്കൊല സ്മാരക ഹാൾ, അലസമായ നടത്തത്തിനും ബോട്ട് സവാരിക്കും യോജ്യമായ സുവാൻസു തടാകം, ക്വിൻഹുവായ് നദിക്കരയിലുള്ള കൺഫ്യൂഷ്യസ് ക്ഷേത്ര പ്രദേശത്തിലൂടെയുള്ള നടത്തം, ലോകത്തിലെ ഏറ്റവും നീളം കൂടിയ നഗരമതിലുകളിൽ ഒന്നായ നാൻജിങ് സിറ്റി വോൾ എന്നിവയെല്ലാം ഇവിടെ സന്ദർശകർക്ക് കാണാവുന്നതാണ്.
















