തർക്കത്തിനിടയിൽ ‘എന്നാൽ പോയി ചാക്’ എന്ന് പറയുന്നതിനെ ആത്മഹത്യാപ്രേരണാ കുറ്റമായി കാണാൻ കഴിയില്ലെന്ന് കേരള ഹൈക്കോടതി. കുഞ്ഞുമായി ജീവനൊടുക്കിയ യുവതിയുടെ സുഹൃത്തായ കാസർകോട് ബാര സ്വദേശിക്കെതിരെയുള്ള കേസ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് സി. പ്രദീപ് കുമാറിന്റെ ഉത്തരവ്.
ഒരാൾ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്ന രീതിയിൽ മനഃപൂർവ്വമായ ഇടപെടലുകൾ നടത്തിയാൽ മാത്രമേ പ്രേരണാകുറ്റം നിലനിൽക്കുകയുള്ളൂവെന്ന് സുപ്രീം കോടതി വിധിന്യായങ്ങൾ ചൂണ്ടിക്കാട്ടി ഹൈക്കോടതി വ്യക്തമാക്കി.
2023-ലായിരുന്നു കേസിനാസ്പദമായ സംഭവം. വിവാഹിതയായ യുവതിയുമായി ബന്ധമുണ്ടായിരുന്ന യുവാവ് മറ്റൊരു വിവാഹത്തിന് തയ്യാറെടുത്തത് യുവതി ചോദ്യം ചെയ്തതാണ് തർക്കത്തിന് കാരണമായത്. ഫോണിലൂടെയുള്ള വഴക്കിനിടെ യുവാവ് ‘പോയി ചാവ്’ എന്ന് പറയുകയും മനോവിഷമത്തിൽ യുവതി കുഞ്ഞുമായി കിണറ്റിൽ ചാടി മരിക്കുകയുമായിരുന്നു.
യുവാവിനെതിരെ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്താനുള്ള സെഷൻസ് കോടതിയുടെ നിർദ്ദേശത്തിനെതിരെയാണ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. വെറും വാക്കുകളല്ല, മറിച്ച് ആത്മഹത്യയിലേക്ക് നയിക്കുന്ന കൃത്യമായ ഉദ്ദേശ്യത്തോടുള്ള പ്രവൃത്തികളാണ് കുറ്റമായി കണക്കാക്കേണ്ടതെന്ന് കോടതി നിരീക്ഷിച്ചു.
















