കോഴിക്കോട് എലത്തൂരിൽ യുവതി കൊല്ലപ്പെട്ട കേസിൽ പ്രതി വൈശാഖുമായി പൊലീസ് ഇന്ന് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. ‘ഒരുമിച്ച് മരിക്കാം’ എന്ന് വിശ്വസിപ്പിച്ച് വിളിച്ചുവരുത്തി യുവതിയെ കൊലപ്പെടുത്തിയ വൈശാഖിനെ അടുത്ത മാസം രണ്ടാം തീയതി വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
എലത്തൂർ പൊലീസിന്റെ നേതൃത്വത്തിൽ ഫോറൻസിക്, വിരലടയാള വിദഗ്ധർ എന്നിവർ നേരത്തെ സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കിയിരുന്നു.
ജ്യൂസിൽ ഉറ ഗുളിക കലർത്തി നൽകി അബോധാവസ്ഥയിലാക്കിയ ശേഷം കഴുത്തിൽ കുരുക്കിട്ട് ശ്വാസംമുട്ടിച്ചാണ് പ്രതി യുവതിയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് മുൻപ് യുവതിയെ പീഡനത്തിനിരയാക്കിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇതിനെത്തുടർന്ന് കൊലപാതകം, പീഡനം എന്നീ വകുപ്പുകൾക്ക് പുറമെ പോക്സോ വകുപ്പും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. യുവതിക്ക് 16 വയസ്സുള്ളപ്പോൾ മുതൽ പ്രതി പീഡിപ്പിച്ചു വരികയായിരുന്നു എന്ന ഞെട്ടിക്കുന്ന വിവരവും അന്വേഷണത്തിൽ പുറത്തുവന്നു.
ഈ മാസം 24-നാണ് വൈശാഖിന്റെ ഉടമസ്ഥതയിലുള്ള ഇൻഡസ്ട്രിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന നിഗമനത്തിലായിരുന്നു ആദ്യമെങ്കിലും, പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകളാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
















