ന്യൂഡല്‍ഹി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ ശാലകളിലെ ജാതിവിവേചനം തടയാനായി യുജിസി കൊണ്ടുവന്ന പുതിയ ചട്ടങ്ങള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വലിയ പ്രതിഷേധങ്ങള്‍ക്കാണ് ഇടയാക്കിയിരിക്കുന്നത്. പ്രതിഷേധം വ്യാപിക്കുന്നതിന് ഇടയില്‍ തന്നെ ദുരുപയോഗ സാധ്യതയടക്കം നിരീക്ഷിച്ച സുപ്രീംകോടതി കഴിഞ്ഞ ദിവസം ചട്ടങ്ങള്‍ താല്‍ക്കാലികമായി സ്റ്റേ ചെയ്തു. ചട്ടങ്ങളുടെ ഭാഷ വ്യക്തതയില്ലാത്തതും തെറ്റായി ഉപയോഗിക്കപ്പെടാൻ സാധ്യതയുള്ളതുമാണെന്നും പറഞ്ഞ കോടതി വിഷയത്തില്‍ കൂടുതല്‍ വ്യക്തത തേടുകയും ചെയ്തിട്ടുണ്ട്.
പുതിയ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് വിവിധ വിദ്യാർത്ഥി പ്രസ്ഥാനങ്ങളും കർണി സേന ഉള്‍പ്പെടേയുള്ള സാമുദായിക സംഘടനകളുമാണ് ഫെബ്രുവരി 1 തിങ്കളാഴ്ച രാജ്യവ്യാപക ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സുപ്രീം കോടതി താല്‍ക്കാലിക സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ചട്ടങ്ങള്‍ പൂർണ്ണമായി പിൻവലിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
















