‘ദ കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗത്തിന്റെ ടീസർ പുറത്ത്. 2023-ൽ പുറത്തിറങ്ങിയ ‘ദ കേരള സ്റ്റോറി’ എന്ന ചിത്രം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിന് ‘ബിയോണ്ട് ദി കേരള സ്റ്റോറി’ (Beyond The Kerala Story) എന്നാണ് പേരിട്ടിരിക്കുന്നത്.
ചിത്രത്തിന്റെ 2.06 മിനിറ്റ് ദൈർഘ്യമുള്ള ടീസർ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 2026 ഫെബ്രുവരി 27-ന് ചിത്രം തിയേറ്ററുകളിൽ എത്തും.
യഥാർഥ സംഭവങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ‘ബിയോണ്ട് ദി കേരള സ്റ്റോറി’ ഒരുക്കിയതെന്ന അവകാശവാദത്തോടെയാണ് ടീസർ ആരംഭിക്കുന്നത്. ‘നമ്മുടെ പെൺകുട്ടികൾ പ്രണയത്തിലല്ല, മറിച്ച് കെണികളിലാണ് വീഴുന്നത്. ഇനി ഞങ്ങളിത് സഹിക്കില്ല, പോരാടും’ എന്ന ക്യാപ്ഷനോടെയാണ് ടീസർ പങ്കുവെച്ചിരിക്കുന്നത്.
എന്നാൽ, ചിത്രം വിദ്വേഷ പ്രചാരണം നടത്തുന്നുവെന്ന വിമർശനം ഇതിനകം ഉയർന്നിട്ടുണ്ട്. തെറ്റായ കാര്യങ്ങളാണ് വസ്തുതകളെന്ന പോലെ പ്രചരിപ്പിക്കുന്നതെന്നും ചിലർ കമന്റിട്ടു.
ദേശീയ പുരസ്കാര ജേതാവായ കാമാഖ്യ നാരായണ സിങ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിപുൽ ഷാ നിർമ്മിക്കുന്ന ചിത്രത്തിൽ സഹനിർമ്മാതാവായി ആഷിൻ എ. ഷായും പ്രവർത്തിക്കുന്നു. പുതുമുഖങ്ങളാണ് മുഖ്യവേഷങ്ങളിൽ. ചിത്രത്തിന്റെ കഥയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.
സുദീപ്തോ സെൻ സംവിധാനം ചെയ്ത ‘ദി കേരള സ്റ്റോറി’യുടെ ആദ്യ ഭാഗം റിലീസ് ചെയ്ത സമയത്ത് വലിയ വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും സാക്ഷ്യം വഹിച്ചിരുന്നു. കേരളത്തെ മോശമായി ചിത്രീകരിക്കുന്ന പ്രൊപ്പഗണ്ട ചിത്രമാണെന്ന ആരോപണവും ഉയർന്നിരുന്നു. എന്നാൽ, 20 കോടി രൂപ ബജറ്റിൽ നിർമ്മിച്ച ഈ ചിത്രം ലോകമെമ്പാടുനിന്നുമായി 300 കോടിയിലധകം രൂപ കളക്ഷൻ നേടുകയും രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകൾ കരസ്ഥമാക്കുകയും ചെയ്തു. ആദാ ശർമ്മ, സിദ്ധി ഇദ്നാനി, യോഗിതാ ബിഹാനി, സോണിയ ബാലാനി എന്നിവരാണ് കേരള സ്റ്റോറിയിൽ അഭിനയിച്ചത്.
















