റിബൽ സ്റ്റാർ പ്രഭാസിനെ നായകനാക്കി മാരുതി സംവിധാനം ചെയ്ത ഹൊറർ കോമഡി ചിത്രം ദി രാജസാബ് ഒ.ടി.ടിയിലേക്ക്. തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണം ആണ് ചിത്രം നേടിയത്. ചിത്രം ഫെബ്രുവരി 6 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കും. ആഗോള ബോക്സ് ഓഫീസിൽ നിന്ന് 206.75 കോടിയാണ് സിനിമ നേടിയത്.
ആദ്യ ദിനം റെക്കോർഡ് കളക്ഷനായ 112 കോടിയാണ് രാജാസാബ് നേടിയിരിക്കുന്നത്. ഇതോടെ പ്രഭാസിന്റെ തുടർച്ചയായി ആദ്യ ദിനം 100 കോടി നേടുന്ന സിനിമയായി രാജാസാബ് മാറി. ഒരു ഹൊറർ ഫാന്റസി സിനിമ ആദ്യ ദിനം നേടുന്ന ഏറ്റവും ഉയർന്ന കളക്ഷൻ കൂടിയാണിത്.
ഐതിഹ്യങ്ങളും മിത്തുകളും സമന്വയിപ്പിച്ച പാൻ-ഇന്ത്യൻ ഹൊറർ-ഫാന്റസി ത്രില്ലറാണ് രാജാസാബ്. ഏവരേയും അതിശയിപ്പിക്കുന്ന അമാനുഷിക ഘടകങ്ങളും മിത്തുകളും ഒക്കെ സന്നിവേശിപ്പിച്ചുകൊണ്ട്, ഹൊറർ എന്‍റർടെയ്നറായ രാജാസാബ് ‘ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ’ എന്ന ടാഗ് ലൈനുമായാണ് പുറത്തെത്തിയത്.
തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായി റിലീസായ രാജാസാബ് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് നിർമിച്ചത്. ഇന്ത്യൻ സിനിമയിൽ തന്നെ ഒരു ഹൊറർ സിനിമക്ക് വേണ്ടി ഒരുക്കിയിട്ടുള്ള ഏറ്റവും വലിയ സെറ്റായിരുന്നു ചിത്രത്തിന്‍റേത്.
















