മേനോൻപാറ കെ.വി. നഗറിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്. ഭാര്യ ദീപികയെ (30) ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയും ചതിയിലൂടെ മരണത്തിലേക്ക് തള്ളിവിടുകയും ചെയ്ത ഭർത്താവ് എം.എസ്. ശിവാനന്ദനെ (41) കൊഴിഞ്ഞാമ്പാറ പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് അറസ്റ്റ്.
കഴിഞ്ഞ സെപ്റ്റംബർ 25-നാണ് ദീപികയെ വീട്ടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്നുതന്നെ മരണം സംഭവിക്കുകയായിരുന്നു. ദീപികയെ കെട്ടഴിച്ചിറക്കി നിലത്തു കിടത്തിയ ശേഷമാണ് ശിവാനന്ദൻ നാട്ടുകാരെ വിവരമറിയിച്ചത്. ദീപികയ്ക്ക് അപസ്മാരം ബാധിച്ചതാണെന്നാണ് ഇയാൾ ആദ്യം നാട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാൽ വീട്ടിൽ തൂങ്ങാനുപയോഗിച്ച സാരി കണ്ടതോടെ ഇയാൾ മൊഴി മാറ്റി. ഈ വൈരുദ്ധ്യങ്ങളാണ് പോലീസിന്റെ സംശയത്തിന് ഇടയാക്കിയത്.
പോലീസിന്റെ വിശദമായ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്തുവന്നത്. വിവാഹം കഴിഞ്ഞ് ആറ് വർഷമായിട്ടും കുട്ടികളില്ലാത്തതിന്റെ പേരിൽ തകർന്നിരുന്ന ദീപികയെ, ‘നമുക്ക് ഒരുമിച്ച് മരിക്കാം’ എന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ മരണത്തിലേക്ക് നയിച്ചത്. ദീപികയെ ഒഴിവാക്കാൻ ശിവാനന്ദൻ ആസൂത്രണം ചെയ്ത ഒരു ‘മരണ നാടക’മായിരുന്നു ഇതെന്ന് പോലീസ് കണ്ടെത്തി.
രണ്ടുപേർക്കും മരിക്കാനായി സാരി കൊണ്ട് രണ്ട് കുടുക്കുകൾ ഇയാൾ തന്നെ തയ്യാറാക്കി. എന്നാൽ ദീപികയ്ക്കുള്ള കുടുക്ക് മുറുകുന്ന തരത്തിലും, തന്റെ കഴുത്തിലിട്ട കുടുക്ക് ഒട്ടും മുറുകാത്ത വിധവുമാണ് ഇയാൾ ക്രമീകരിച്ചത്. ദീപിക മരണം ഉറപ്പാക്കുന്നതുവരെ ശിവാനന്ദൻ നോക്കിനിന്നതായും പോലീസ് സംശയിക്കുന്നു.
താനും ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന ശിവാനന്ദന്റെ വാദം മെഡിക്കൽ പരിശോധനയിൽ പൊളിഞ്ഞു. ഇയാളുടെ കഴുത്തിൽ ചെറിയൊരു പാടുപോലും ഉണ്ടായിരുന്നില്ലെന്ന് വൈദ്യപരിശോധനയിൽ വ്യക്തമായി. തുടർന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. വെള്ളിയാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
















