സംസ്ഥാനത്തെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ആശ്വാസമേകി പാഠ്യപദ്ധതിയിൽ വലിയ മാറ്റത്തിനൊരുങ്ങി പൊതുവിദ്യാഭ്യാസ വകുപ്പ്. സിലബസ് അമിതമാണെന്ന വിദ്യാർത്ഥികളുടെ പരാതി കണക്കിലെടുത്ത് അടുത്ത അധ്യയന വർഷം മുതൽ സിലബസ് 25 ശതമാനം കുറയ്ക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. കൊല്ലം തേവലക്കരയിൽ നടന്ന ഒരു ചടങ്ങിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പത്താം ക്ലാസിലെ സോഷ്യൽ സയൻസ് വിഷയത്തിൽ പഠിക്കാനുള്ള ഭാഗങ്ങൾ കൂടുതലാണെന്നും ഇത് വലിയ മാനസിക സമ്മർദ്ദമുണ്ടാക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി മൂന്ന് വിദ്യാർത്ഥികൾ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. കുട്ടികളുടെ ഈ ആവശ്യം അനുഭാവപൂർവ്വം പരിഗണിച്ചാണ് സിലബസ് പരിഷ്കരിക്കാൻ സർക്കാർ തീരുമാനിച്ചത്.
സിലബസ് പൂർത്തിയാക്കാൻ അധ്യാപകർക്കും പഠിച്ചെടുക്കാൻ കുട്ടികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള ക്രമീകരണം ഇനി ഉണ്ടാവില്ലെന്ന് മന്ത്രി ഉറപ്പുനൽകി.
















