വാടകവീട്ടിൽ ഉറങ്ങിക്കിടന്ന വീട്ടമ്മയെയും മക്കളെയും പെട്രോളൊഴിച്ച് തീക്കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടി. വടശ്ശേരിക്കര അരീക്കക്കാവ് സ്വദേശി തെങ്ങുംപള്ളിയൽ ടി.കെ. സിജു പ്രസാദാണ് (43) കോന്നി പോലീസിന്റെ പിടിയിലായത്. പ്രകോപനമില്ലാതെ അതിക്രൂരമായ രീതിയിലാണ് ഇയാൾ കുടുംബത്തെ അപായപ്പെടുത്താൻ ശ്രമിച്ചത്.
വ്യാഴാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. വീട്ടമ്മയും മക്കളും ഉറങ്ങിക്കിടന്ന മുറി പുറത്തുനിന്നും പൂട്ടിയ ശേഷം സിജു പ്രസാദ് മുറിക്കുള്ളിലേക്ക് പെട്രോൾ ഒഴിക്കുകയായിരുന്നു. തുടർന്ന് കതകിന് മുകളിലുള്ള വെന്റിലേറ്ററിലൂടെ തീപ്പന്തം അകത്തേക്ക് എറിഞ്ഞ് വീടിന് തീയിട്ടു.
പുറത്തുനിന്നും കതക് പൂട്ടിയതിനാൽ രക്ഷപ്പെടാൻ മറ്റ് വഴികളില്ലാതെ വന്നതോടെ, കുട്ടികൾ വീടിന്റെ മേൽക്കൂരയിലെ ഇരുമ്പ് കഴുക്കോലിൽ തൂങ്ങിക്കയറി ഓടുകൾ ഇളക്കിമാറ്റി പുറത്തുകടക്കുകയായിരുന്നു.
ഇവരുടെ നിലവിളി കേട്ടെത്തിയ അയൽവാസികൾ ഉടൻ തന്നെ മുൻവാതിൽ വെട്ടിപ്പൊളിച്ച് അകത്തുകടന്നാണ് വീട്ടമ്മയെ രക്ഷപ്പെടുത്തിയത്. വിവരമറിഞ്ഞെത്തിയ പോലീസും അഗ്നിരക്ഷാസേനയും ചേർന്നാണ് തീ പൂർണ്ണമായും അണച്ചത്. പരിക്കേറ്റ വീട്ടമ്മയും മകനും കോന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
വീട്ടമ്മയോടൊപ്പം താമസിച്ചു വരികയായിരുന്ന പ്രതിക്ക് അവരോടുണ്ടായിരുന്ന അനാവശ്യ സംശയമാണ് ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. കൃത്യത്തിന് ശേഷം ഒളിവിൽ പോയ സിജു പ്രസാദിനെ പോലീസ് സംഘം അതിവേഗം പിന്തുടർന്ന് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ നിലവിൽ റിമാൻഡ് ചെയ്തിട്ടുണ്ട്.
















