വ്യവസായിയും ചലച്ചിത്ര നിർമാതാവുമായ സി.ജെ റോയിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് നടൻ മോഹൻലാൽ. സി.ജെ.റോയി ഒരു സുഹൃത്ത് എന്നതിലുപരിയായിരുന്നുവെന്നും വിയോഗവാർത്ത വിശ്വസിക്കാനാവുന്നില്ലെന്നും മോഹൻലാൽ കുറിച്ചു. സി.ജെ.റോയി നിർമ്മിച്ച ആദ്യ മലയാള ചിത്രം മോഹൻലാൽ നായകനായ ‘കാസനോവ’ ആയിരുന്നു.
മോഹൻലാലിന്റെ വാക്കുകൾ
‘എന്റെ പ്രിയപ്പെട്ട സുഹൃത്ത് സി.ജെ.റോയിയുടെ വിയോഗം വിശ്വസിക്കാനാവാത്തതും അത്യന്തം വേദനാജനകവുമാണ്. ഈ വലിയ ദുഃഖത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വേദനയിൽ ഞാനും പങ്കുചേരുന്നു. അദ്ദേഹം ഒരു സുഹൃത്ത് എന്നതിലുപരിയായിരുന്നു; സ്നേഹത്തോടെയും ഊഷ്മളതയോടെയും എന്നും ഓർമ്മിക്കപ്പെടും’.
കൊച്ചി സ്വദേശിയായ റോയിയുടെ കോൺഫിഡന്റ് ഗ്രൂപ്പ് നിർമ്മിച്ച ആദ്യ മലയാള ചിത്രം മോഹൻലാൽ നായകനായ ‘കാസനോവ’ ആയിരുന്നു. 2012ലെ റിപ്പബ്ലിക് ദിനത്തിൽ റിലീസ് ചെയ്ത ഈ സിനിമ പുറത്തിറങ്ങിയിട്ട് കൃത്യം 14 വർഷം തികയുമ്പോഴാണ് റോയ് ജീവനൊടുക്കിയതെന്നും ആക്സമികം. മലയാളത്തിലും കന്നഡയിലും 11 ചിത്രങ്ങൾ കൂടി നിർമിച്ചു.
ഏറ്റവും വലിയ ബജറ്റിൽ നിർമ്മിച്ച ‘മരക്കാർ’ എന്ന ചിത്രത്തിന്റെ സഹനിർമാതാക്കളായിരുന്നു കോൺഫിഡന്റ് ഗ്രൂപ്പ്. ‘മേം ഹൂ മൂസ’ എന്ന സുരേഷ് ഗോപി ചിത്രത്തിലും നിർമാണ പങ്കാളിയായി. ഷൈൻ ടോമിനെ നായകനാക്കി വി.കെ. പ്രകാശ് ഒരുക്കുന്ന പ്രോജക്ട് ആണ് റോയ് അവസാനമായി നിർമിച്ച സിനിമ. ചിത്രീകരണം പൂർത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്‌ഷൻ വർക്കുകൾ നടന്നു വരികയായിരുന്നു. റോയ് സഹനിർമാതാവായ ചിത്രം ‘അനോമി’ അടുത്ത മാസം റിലീസിനൊരുങ്ങുന്നതിനിടെയാണ് ദാരുണാന്ത്യം.
















