കോൺഫിഡൻസ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ അപ്രതീക്ഷിത വിയോഗത്തിൽ വിശദീകരണവുമായി ആദായ നികുതി വകുപ്പ്. പരിശോധനയുടെ ഭാഗമായി അദ്ദേഹത്തിന് മേൽ യാതൊരു വിധത്തിലുള്ള മാനസിക സമ്മർദ്ദവും ചെലുത്തിയിട്ടില്ലെന്നും എല്ലാ നടപടികളും നിയമപരമായാണ് പൂർത്തിയാക്കിയതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. മരണത്തെക്കുറിച്ചുള്ള പോലീസ് അന്വേഷണത്തോട് പൂർണ്ണമായും സഹകരിക്കുമെന്നും വകുപ്പ് വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ രണ്ട് മാസമായി നടന്നുവരുന്ന കൃത്യമായ അന്വേഷണങ്ങളുടെയും നടപടികളുടെയും തുടർച്ച മാത്രമായിരുന്നു വെള്ളിയാഴ്ചയും നടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മറ്റൊരു സാക്ഷിയുടെ സാന്നിധ്യത്തിലാണ് സി.ജെ. റോയിയുടെ മൊഴി രേഖപ്പെടുത്തിയത്. എന്നാൽ, മരണത്തിന് തൊട്ടുമുൻപ് ഇന്നലെ അദ്ദേഹത്തിന്റെ മൊഴി എടുത്തിട്ടില്ലെന്ന് ഐ.ടി വകുപ്പ് വൃത്തങ്ങൾ പ്രത്യേകം ചൂണ്ടിക്കാട്ടുന്നു. മാനസികമായി ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള സമീപനം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു
വിഷയത്തിൽ ആദായ നികുതി വകുപ്പ് വൃത്തങ്ങൾ നിലപാട് വ്യക്തമാക്കിയെങ്കിലും വകുപ്പിന്റെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക പത്രക്കുറിപ്പുകളോ പ്രതികരണങ്ങളോ ഇതുവരെ പുറത്തുവന്നിട്ടില്ല. റെയ്ഡ് നടക്കുന്നതിനിടെയുണ്ടായ മരണം എന്ന നിലയിൽ വലിയ ഗൗരവത്തോടെയാണ് പോലീസ് കേസ് കൈകാര്യം ചെയ്യുന്നത്.
















