വാഷിങ്ടൺ: എമ്മി പുരസ്‌കാര ജേതാവും പ്രശസ്ത കനേഡിയൻ-അമേരിക്കൻ നടിയുമായ കാതറിൻ ഒഹാര അന്തരിച്ചു. 71 വയസ്സായിരുന്നു. അസുഖത്തെത്തുടർന്ന് വെള്ളിയാഴ്ച ലോസ് ആഞ്ജലിസിലെ വീട്ടിൽവെച്ചായിരുന്നു ഒഹാര മരിച്ചത്.
‘ഹോം എലോൺ’ ചിത്രങ്ങളിലൂടെ പ്രശസ്തയായ താരം ആഗോള സിനിമ പ്രേമികൾക്ക് സുപരിചിതയാണ്. ‘ഷിറ്റ്സ് ക്രീക്ക്’ എന്ന പ്രശസ്ത സീരീസിൽ മൊയ്‌റ റോസിന്റെ വേഷത്തിൽ എത്തിയ കാതറിൻ ആ വർഷത്തെ എമ്മി അവാർഡ്സ് കരസ്ഥമാക്കിയിരുന്നു.
1954 മാർച്ച് നാലിന് കാനഡയിലാണ് കാതറിന്റെ ജനനം. 1976-84 കാലയളവിൽ ടൊറോന്റോയിലെ സെക്കൻഡ് സിറ്റി ടെലിവിഷൻ സ്‌കെച്ച് കോമഡി സീരീസിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറിയത്. ആഫ്റ്റർ ഔവേഴ്‌സ്(1985) ഹാർട്ട്‌ബേൺ(1986) ബീറ്റിൽജ്യൂസ്(1988) ഹോം അലോൺ(1990) ഹോം അലോൺ 2: ലോസ്റ്റ് ഇൻ ന്യൂയോർക്ക്(1992) തുടങ്ങിയവയാണ് പ്രധാന സിനിമകൾ. മികച്ച നടിക്കുള്ള എമ്മി പുരസ്‌കാരവും ഗോൾഡൻ ഗ്ലോബ് പുരസ്‌കാരവും നേടിയിട്ടുണ്ട്.
















