കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ സി ജെ റോയിയുടെ സംസ്കാരം ഇന്ന്. ഉച്ചയ്ക്ക് 3.30നു കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബെന്നാർഘട്ട റോഡ് കൽക്കെരെയിലുള്ള നേച്ചേഴ്സ് ലക്ഷ്വറി റിസോർട്ടിൽ നടക്കും. ഇവിടെ അന്ത്യവിശ്രമമൊരുക്കണമെന്ന റോയിയുടെ ആഗ്രഹപ്രകാരമാണിത്.
രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ ഇവിടെ പൊതുദർശനം. 2.30ന് കൽക്കെരെ സെന്റ് ജോസഫ്സ് പള്ളിയിൽ ശുശ്രൂഷയ്ക്ക് ശേഷമാണ് സംസ്കാരം നടത്തുക. നെഞ്ചിന്റെ ഇടതുഭാഗം തുളഞ്ഞു കയറിയ വെടിയുണ്ട ശ്വാസകോശവും ഹൃദയവും തകർത്തതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിനുള്ളിൽനിന്ന് 6.35 എംഎം ബുള്ളറ്റ് കണ്ടെടുത്തു.
നിറയൊഴിക്കാൻ ഉപയോഗിച്ച തോക്കിൽ സൈലൻസർ ഘടിപ്പിച്ചിരുന്നതായും സൂചനയുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കാൻ പൊലീസ് തയാറായില്ല. ആദായനികുതി വകുപ്പ് മൊഴി രേഖപ്പെടുത്തിയതിന് ശേഷമുള്ള 5 മിനിറ്റ് ഇടവേള കഴിഞ്ഞാണ് 30ന് ഉച്ചയ്ക്ക് 3.15ന് റോയ് കാബിനിലേക്ക് പോയത്.
20 മിനിറ്റിനു ശേഷം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ദുബായിൽനിന്ന് ഇന്നലെ ബെംഗളൂരുവിലെത്തിയ ഭാര്യ ലിനി, മക്കളായ രോഹിത്, റിയ എന്നിവരിൽനിന്ന് പൊലീസ് മൊഴിയെടുത്തു.
















