വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജനവിധി അനുകൂലമാക്കാൻ ലക്ഷ്യമിട്ട് ഇടതുമുന്നണി സംഘടിപ്പിക്കുന്ന വികസന മുന്നേറ്റ ജാഥകൾക്ക് ഇന്ന് തുടക്കമാകും. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖലാ ജാഥ വൈകിട്ട് കാസർകോട് കുമ്പളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിക്കുന്ന തെക്കൻ മേഖലാ ജാഥ മൂന്നിനും കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി നയിക്കുന്ന മധ്യമേഖലാ ജാഥ ആറിനും ആരംഭിക്കും.
കാസർകോട് മുതൽ പാലക്കാട് വരെയുള്ള ജില്ലകളിലെ 60 നിയമസഭ മണ്ഡലങ്ങളിൽ വടക്കൻ മേഖലാ ജാഥയെത്തും. 16ന് പാലക്കാട് തരൂരിലാണ് സമാപനം.
എൽഡിഎഫ് സർക്കാരിന്‍റെ വികസന ക്ഷേമ പദ്ധതികൾ ജനങ്ങളിൽ എത്തിക്കുകയാണ് ലക്ഷ്യം. തദ്ദേശ തെരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട ജന പിന്തുണ മേഖലാ ജാഥകളിലൂട തിരിച്ച് പിടിച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ ജനഹിതം അനുകൂലമാക്കാനാവുമെന്നാണ് എൽഡിഎഫിൻ്റെ പ്രതീക്ഷ.
















