കേരളത്തിലെ വൈദ്യുതി ഉപഭോക്താക്കൾക്ക് ആശ്വാസവാർത്ത. ഫെബ്രുവരി മാസത്തിലെ കറന്റ് ബില്ലിൽ കുറവുണ്ടാകുമെന്ന് കെ.എസ്.ഇ.ബി (KSEB) അറിയിച്ചു. പ്രതിമാസ ബില്ലിങ് വിഭാഗത്തിൽപ്പെടുന്നവർക്ക് ഈ മാസം ഇന്ധന സർചാർജ് നൽകേണ്ടതില്ല.
ദ്വൈമാസ ബില്ലിങ് (രണ്ടു മാസത്തിലൊരിക്കൽ ബില്ല് ലഭിക്കുന്നവർ) ഉപഭോക്താക്കൾക്ക് യൂണിറ്റിന് വെറും നാല് പൈസ മാത്രമായിരിക്കും സർചാർജ് ഈടാക്കുക.
ജനുവരിയിൽ ഇത് യഥാക്രമം എട്ട് പൈസയും ഏഴ് പൈസയുമായിരുന്നു. ഡിസംബർ മാസത്തെ വൈദ്യുതി വാങ്ങൽ ചെലവിൽ വന്ന കുറവാണ് ഫെബ്രുവരിയിലെ ബില്ലിൽ പ്രതിഫലിക്കുന്നത്.
കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെ നിർദ്ദേശാനുസരണം 2023 മെയ് മാസത്തിൽ പരിഷ്കരിച്ച ചട്ടങ്ങൾ പ്രകാരമാണ് ഈ മാറ്റം. ഇന്ധനവിലയിലുണ്ടാകുന്ന വ്യതിയാനങ്ങൾക്കനുസരിച്ച് പ്രതിമാസം സർചാർജ് നിശ്ചയിക്കാൻ വിതരണ കമ്പനികൾക്ക് ഇപ്പോൾ അധികാരമുണ്ട്.
ഇതനുസരിച്ച് ഓരോ മാസത്തെയും വൈദ്യുതി ഉൽപ്പാദന-വാങ്ങൽ ചിലവ് കണക്കാക്കിയാണ് സർചാർജ് ഈടാക്കുന്നത്. ഇത്തവണ ചിലവ് കുറഞ്ഞത് സാധാരണക്കാരായ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.
















