ഡൽഹി: രാജ്യത്തെ ആയുർവേദ മേഖലക്ക് കൈത്താങ്ങുമായി കേന്ദ്ര ബജറ്റ് പ്രഖ്യാപനം. ആയുർവേദ മേഖലയിലും അനിമേഷൻ, വിഷ്വൽ എഫക്ട്സ്, ഗെയിമിങ് മേഖലയിലും വമ്പൻ പ്രഖ്യാപനങ്ങൾ. പുതിയ 3 ഓൾ ഇന്ത്യ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടുകൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപനം. കൂടാതെ, അഞ്ച് മെഡിക്കൽ ഹബുകൾ സ്ഥാപിക്കും.
മെഡിക്കൽ ടൂറിസത്തിനായി സ്വകാര്യ മേഖലയുമായി സഹകരിച്ചാണ് പദ്ധതി. യോഗ, വെൽനസ് സ്കീമുകൾക്കായി ഒന്നര ലക്ഷം കെയർ ഗിവർമാരെ പരിശീലിപ്പിക്കുകയും ചെയ്യും. മെഡിക്കൽ ഹബുകൾ തൊഴിലവസരങ്ങളുടെയും കേന്ദ്രമാകും. ആയുർവേദത്തെ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. മരുന്ന് ചെടികൾ വളർത്തുന്നവർക്കും സംസ്കരിക്കുന്നവർക്കും സഹായ പദ്ധതിയും ബജറ്റിലുണ്ട്. ആയുഷ് ഫാർമസികളുടെ നിലവാരം ഉയർത്തും. ഗവേഷണത്തിനും പരിശോധനകൾക്കും കൂടുതൽ പ്രൊഫഷണലുകളെ നിയോഗിക്കുമെന്നും ബജറ്റിലുണ്ട്.
അതേസമയം, ഇന്ത്യയിലെ അനിമേഷൻ,വിഷ്വൽ എഫക്ട്സ്, ഗെയിമിങ് മേഖലയിലും വലിയ പ്രഖ്യാപനങ്ങളുണ്ട്. 2 മില്യൺ പ്രൊഫഷണലുകളെ 2030ഓടെ ആവശ്യമുള്ള മേഖലയാണിത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജിക്ക് ഇതിനായി പിന്തുണ നൽകും. എവിജിസി കണ്ടന്റ് ക്രിയേറ്റർ ലാബുകൾ 15,000 സെക്കൻഡറി സ്കൂളുകളിലും 500 കോളേജുകളിലും സ്ഥാപിക്കും. രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ സ്ഥാപിക്കാനുമാണ് പദ്ധതി.
















