ഭാരതത്തെ ആഗോള ഡിജിറ്റൽ ഭൂപടത്തിന്റെ നെറുകയിലെത്തിക്കാൻ ലക്ഷ്യമിട്ടുള്ള വിപ്ലവാത്മക പ്രഖ്യാപനവുമായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. രാജ്യത്ത് ഡാറ്റാ സെന്ററുകൾ സ്ഥാപിച്ച് ക്ലൗഡ് സേവനങ്ങൾ നൽകുന്ന കമ്പനികൾക്ക് 2047 വരെ നീളുന്ന വമ്പിച്ച നികുതി ഇളവാണ് ഞായറാഴ്ച അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചത്.
വിവരസാങ്കേതിക വിദ്യയുടെയും കൃത്രിമ ബുദ്ധി (AI) മേഖലയുടെയും വളർച്ചയ്ക്ക് ഊർജ്ജം പകരുകയാണ് ഈ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഇന്ത്യയിൽ ഡാറ്റാ സെന്ററുകൾ സ്ഥാപിക്കുന്നതിനും അവ വഴി ആഗോളതലത്തിൽ സേവനം നൽകുന്നതിനുമായി വിദേശ നിക്ഷേപം ആകർഷിക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രി ഊന്നിപ്പറഞ്ഞു. “നിർണ്ണായകമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടതിന്റയും കൂടുതൽ നിക്ഷേപം കൊണ്ടുവരേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് സർക്കാർ ബോധവാന്മാരാണ്,” ബജറ്റ് പ്രസംഗത്തിനിടെ അവർ വ്യക്തമാക്കി.
ഇന്ത്യയിലെ ഡാറ്റാ സെന്ററുകൾ പ്രയോജനപ്പെടുത്തി ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് ക്ലൗഡ് സേവനങ്ങൾ നൽകുന്ന ഏതൊരു വിദേശ കമ്പനിക്കും ഈ ആനുകൂല്യം ലഭ്യമാകും. വരും തലമുറയിലെ സാങ്കേതിക വിദ്യയായ എ.ഐ (AI) ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾക്ക് ഈ തീരുമാനം വലിയ മുതൽക്കൂട്ടാകും. ഇന്ത്യയെ ഒരു ‘ഗ്ലോബൽ ഡാറ്റാ സ്റ്റോറേജ് ഹബ്ബ്’ ആക്കി മാറ്റുകയാണ് ഈ നികുതി ഒഴിവിലൂടെ ലക്ഷ്യമിടുന്നത്.
നികുതി ഇളവ് പ്രഖ്യാപിച്ചതിനോടൊപ്പം തന്നെ ചില നിബന്ധനകളും സർക്കാർ മുന്നോട്ട് വെച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് ആഗോള സേവനം നൽകുമ്പോഴും, ഇന്ത്യൻ ഉപഭോക്താക്കൾക്ക് സേവനം ലഭ്യമാക്കാൻ ഒരു പ്രാദേശിക വിതരണക്കാരനെ ഉപയോഗിക്കണമെന്ന് ധനമന്ത്രി വ്യക്തമാക്കി. ഇത് ഇന്ത്യൻ കമ്പനികൾക്കും വിപണിക്കും കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാൻ സഹായിക്കും.
















