കൊല്ലം: കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിൽ വിമർശനവുമായി കേരള ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കഴിഞ്ഞ തവണ താമരക്കുരുവാണ് കിട്ടിയതെങ്കിൽ ഇത്തവണ കടലാമയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളം പ്രതീക്ഷയോടെ കാത്തിരുന്ന എയിംസ്, വിഴിഞ്ഞം തുറമുഖ വികസന പദ്ധതികൾ എന്നിവയെ അവഗണിച്ചുവെന്നും കെ.എൻ. ബാലഗോപാൽ കുറ്റപ്പെടുത്തി.
കേന്ദ്രബജറ്റ് നിരാശാജനകമാണെന്നും ഇത് കേരളത്തിന്റെ മാത്രം പ്രശ്‌നമല്ലെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക രംഗത്തെ പ്രതിസന്ധി പരിഹരിക്കാൻ ഒന്നും ഇല്ല. കാർഷിക – ആരോഗ്യ മേഖലകൾക്ക് മതിയായ പ്രഖ്യാപനങ്ങൾ ഇല്ല. കേന്ദ്ര സർക്കാരിന് ഒന്നിനും പണമില്ല. കേരളം പ്രതീക്ഷിച്ചത് ഒന്നും ലഭിച്ചില്ല. കേരളം പ്രതീക്ഷിച്ച എയിംസ് ഇല്ല , വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ഒന്നുമില്ല, അങ്കണവാടി, ആശവർക്കർമാർക്ക് ഒരു രൂപ പോലും കൂട്ടിയില്ലെന്നും കെ.എൻ ബാലഗോപാൽ പറഞ്ഞു.
കേരളത്തിനുള്ള വിഹിതത്തിൽ ചെറിയ വർധനവ് ഉണ്ടായിട്ടുണ്ട്. അത് സംസ്ഥാനത്തിന് ചെറിയ രീതിയിൽ ഗുണം ലഭിക്കും. കഴിഞ്ഞ ബജറ്റിൽ 1.9 ശതമാനമായിരുന്നു. ഇത്തവണയത് 2.38 ആയി. ഇത് സംസ്ഥാനത്തിന് ചെറിയ രീതിയിൽ ഗുണം ചെയ്യുമെന്നും ബാലഗോപാൽ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ നയം അനുസരിച്ച് തൊഴിലുറപ്പ് പദ്ധതി ഇല്ലാതാകാൻ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.
















