വലിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് രാജ്യവ്യാപകമായി പ്രചാരണം നടത്തിയ ശേഷം അവതരിപ്പിച്ച കേന്ദ്ര ബജറ്റ് ‘മല എലിയെ പ്രസവിച്ചതുപോലെ’ ആണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ജനങ്ങളെ പൂർണ്ണമായും നിരാശരാക്കുന്ന ബജറ്റാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യുവതലമുറയെ സംബന്ധിച്ച് ബജറ്റിൽ ചില പരാമർശങ്ങൾ ഉണ്ടെന്നതല്ലാതെ, രാജ്യത്തെ രൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കാൻ വ്യക്തമായ പദ്ധതികളോ ബജറ്റ് വിഹിതമോ മാറ്റിവച്ചിട്ടില്ല. കർഷകരുടെ ദീർഘകാല ആവശ്യമായ മിനിമം സപ്പോർട്ട് പ്രൈസിന് (MSP) നിയമപരമായ പരിരക്ഷ നൽകണമെന്ന ആവശ്യം കേന്ദ്രം സൗകര്യപൂർവ്വം അവഗണിച്ചു. പഴയ പദ്ധതികൾക്ക് പുതിയ ‘ഡിസൈൻ’ നൽകി അവതരിപ്പിക്കുക മാത്രമാണ് ധനമന്ത്രി ചെയ്തതെന്നും അദ്ദേഹം പരിഹസിച്ചു.
ഏറ്റവും സങ്കടകരമായ കാര്യം കേരളത്തെ ഈ ബജറ്റ് പൂർണ്ണമായും അവഗണിച്ചു എന്നതാണ്. 2013-14 കാലഘട്ടത്തിൽ യുപിഎ സർക്കാർ വാഗ്ദാനം ചെയ്ത എയിംസ് (AIIMS), 13 വർഷം പിന്നിട്ടിട്ടും യാഥാർത്ഥ്യമായില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എയിംസുകൾ പ്രഖ്യാപിക്കുമ്പോഴും കേരളത്തിന് ഇത്തവണയും നിരാശയായിരുന്നു ഫലം. ആരോഗ്യം, ടൂറിസം, ആയുർവേദം, പരമ്പരാഗത വ്യവസായം എന്നീ മേഖലകളിൽ കേരളത്തിനുള്ള വലിയ സാധ്യതകൾ കേന്ദ്രം കണ്ടില്ലെന്ന് നടിച്ചു.
കേരളത്തിലെ അതിവേഗ റെയിൽ ഇടനാഴിയെക്കുറിച്ച് ഇ. ശ്രീധരൻ കേന്ദ്രമന്ത്രിയുമായി സംസാരിക്കുകയും വലിയ പ്രതീക്ഷകൾ നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇന്ത്യയുടെ ഏഴിടങ്ങളിൽ ഹൈസ്പീഡ് കോറിഡോർ അനുവദിച്ചപ്പോൾ പട്ടികയിൽ നിന്നും കേരളം പുറത്തായി. ബിജെപി സർക്കാർ കേരളത്തെ എങ്ങനെയാണ് കാണുന്നത് എന്നതിന്റെ തെളിവാണ് ഈ അവഗണനയെന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു. കൂടാതെ, ധാതുമണൽ ഖനനത്തിനായി പ്രത്യേക കോറിഡോർ പ്രഖ്യാപിച്ചതിൽ അഴിമതിയുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും, ഇത് കോർപ്പറേറ്റുകളെ സഹായിക്കാനാണോ എന്ന് വ്യക്തമാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
















