മാട്രിമോണിയൽ സൈറ്റിൽ വ്യാജ പ്രൊഫൈൽ നിർമ്മിച്ച് കൊച്ചിയിലെ യുവ ഡോക്ടറെ കബളിപ്പിച്ച മൂന്ന് യുവാക്കൾ സൈബർ പോലീസിന്റെ വലയിലായി. 37 ലക്ഷം രൂപയാണ് സംഘം തട്ടിയെടുത്തത്. അരൂർ സ്വദേശി സൂരജ് കൃഷ്ണ, മലപ്പുറം സ്വദേശികളായ മുഹമ്മദ് ഫൈസൽ, ആദിൽ എന്നിവരാണ് പിടിയിലായത്.
എൻആർഐ യുവതിയെന്ന വ്യാജേന മാട്രിമോണിയൽ സൈറ്റിലൂടെ ഡോക്ടറുമായി സൗഹൃദം സ്ഥാപിച്ച സംഘം, ഒരു ട്രേഡിംഗ് ആപ്പിൽ പണം നിക്ഷേപിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു. വൻ ലാഭം വാഗ്ദാനം ചെയ്ത് വിശ്വസിപ്പിച്ചതിനെ തുടർന്ന് പല ഘട്ടങ്ങളിലായി 37 ലക്ഷം രൂപ ഡോക്ടർ നിക്ഷേപിച്ചു. പണം തിരികെ ലഭിക്കാതായതോടെയാണ് തട്ടിപ്പ് പുറത്തായത്.
കമ്പോഡിയ കേന്ദ്രമാക്കി ചൈനീസ് പൗരന്മാർ നടത്തുന്ന വൻ സൈബർ മാഫിയയുടെ കണ്ണികളാണ് പിടിയിലായതെന്ന് പോലീസ് കണ്ടെത്തി. ജോലി വാഗ്ദാനം ചെയ്ത് യുവാക്കളെ കമ്പോഡിയയിലെത്തിച്ച് ഇത്തരം തട്ടിപ്പുകൾക്കായി ഉപയോഗിക്കുന്ന രീതിയാണ് ഇവർക്കുള്ളത്.
അക്കൗണ്ടുകൾ കൈകാര്യം ചെയ്യാനും പണം വേഗത്തിൽ മാറ്റാനും സാങ്കേതിക വിദ്യയിൽ വിദഗ്ധരായ ചെറുപ്പക്കാരെയാണ് സംഘം നിയോഗിച്ചിരിക്കുന്നത്. അറസ്റ്റിലായവരിൽ നിന്ന് ലഭിച്ച ഡിജിറ്റൽ വിവരങ്ങൾ ഡീകോഡ് ചെയ്ത് ഈ അന്താരാഷ്ട്ര റാക്കറ്റിന്റെ വേരുകൾ കണ്ടെത്താനുള്ള ഊർജിതമായ അന്വേഷണത്തിലാണ് കൊച്ചി സൈബർ പോലീസ്.
















