മോഷണം തടയാൻ ശ്രമിച്ചതിന് സുഹൃത്തിന്റെ മാതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. കറ്റാനം വെട്ടികോട് മുകളയ്യത്ത് പടീറ്റതിൽ ജെറിൻ രാജുവിനെയാണ് (26) മാവേലിക്കര അഡീഷനൽ സെഷൻസ് കോടതി ജഡ്ജി വി.ജി. ശ്രീദേവി ശിക്ഷ വിധിച്ചത്. താമരക്കുളം കണ്ണാനാകുഴി മാങ്കുട്ടത്തിൽ വടക്കതിൽ സുധാകരന്റെ ഭാര്യ തുളസിയെ (48) കൊലപ്പെടുത്തിയ സംഭവത്തിലാണ് നടപടി.
2018 സെപ്റ്റംബറിൽ ആയിരുന്നു സംഭവം. രാജുവും തുളസിയുടെ മക്കളും സുഹൃത്തുക്കളായിരുന്നു. അതിനാൽ രാജുവിന് തുളസിയുടെ വീടിനെ പറ്റി എല്ലാം അറിയാമായിരുന്നു. അങ്ങനെ സംഭവ ദിവസം പ്രതി തുളസിയുടെ വീട്ടിലേക്ക് വരുകയും ഇവരുടെ കിടപ്പുമുറിയിൽ പഴ്സിനുള്ളിൽ സൂക്ഷിച്ചിരുന്ന 10,800 രൂപ മോഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്തു.
ഇത് കണ്ട തുളസി മോഷണം തടയാൻ ശ്രമിച്ചതിനാണ് തുളസിയെ രാജു കൊലപ്പെടുത്തിയത്. കൊലക്കുറ്റം, ഭവനഭേദനം, കവർച്ച, തെളിവു നശിപ്പിക്കൽ എന്നിവയാണ് പ്രതിക്കുമേൽ ചുമത്തിയ കുറ്റങ്ങൾ. പിഴതുക കൊല്ലപ്പെട്ട തുളസിയുടെ ഭർത്താവിനും മക്കൾക്കും തുല്യമായി നൽകാനും ഉത്തരവായി.
















