ആലപ്പുഴ ചേര്‍ത്തല അമ്പിളി കൊലക്കേസില്‍ ഭര്‍ത്താവിന് ഇരട്ട ജീവപര്യന്തവും,രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ. ജലഗതാഗത വകുപ്പ് ജീവനക്കാരനായിരുന്ന പ്രതി രാജേഷ് കുമാറിനെയാണ് ശിക്ഷിച്ചത്. ആലപ്പുഴ ജില്ല അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. തിരുനെല്ലൂര്‍ സര്‍വീസ് സഹകരണബാങ്കിലെ കലക്ഷന്‍ ഏജന്റായിരുന്ന അമ്പിളിയെ 2024 മെയ് 18നാണ് രാജേഷ് കുത്തിക്കൊലപ്പെടുത്തിയത്. ബാങ്കിലെ കളക്ഷന്‍ ഏജന്റായിരുന്ന അമ്പിളി കളക്ഷന്‍ പൂര്‍ത്തിയാക്കി തിരികെ വീട്ടിലേക്ക് മടങ്ങുന്ന വഴി നഗരമധ്യത്തില്‍ വച്ച് തടഞ്ഞു നിര്‍ത്തി കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു.
ആദ്യ കുത്ത് നെഞ്ചിലായിരുന്നു. അതില്‍ അമ്പിളി കൊല്ലപ്പെട്ടില്ലെന്ന് തിരിച്ചറിഞ്ഞതോടെ 17 തവണ കുത്തിയാണ് അമ്പിളിയെ കൊലപ്പെടുത്തിയത്. ചേര്‍ത്തല ഇന്‍സ്പെക്ടര്‍ പ്രൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം അന്നുതന്നെ പ്രതിയെ പിടികൂടിയിരുന്നു. തെളിവെടുപ്പിനുശേഷം റിമാന്‍ഡ് ചെയ്യുകയായിരുന്നു.വിചാരണ കോടതിയിലും ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പ്രതി ഫയല്‍ചെയ്ത ജാമ്യഹര്‍ജികള്‍ തള്ളി. ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എസ് ഭാരതിയുടെ കോടതിയില്‍ നടന്ന വിചാരണയില്‍ പ്രോസിക്യൂഷന്‍ ദൃക്സാക്ഷികളെയും ശാസ്ത്രീയ തെളിവുകളും മെഡിക്കല്‍ തെളിവുകളും ഹാജരാക്കി.
Story Highlights : Cherthala Ambili murder case; Husband Rajesh gets double life sentence
















