വിവാഹ ചടങ്ങിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന ഒൻപതുവയസ്സുകാരനെ ടൂറിസ്റ്റ് ബസ്സിനുള്ളിൽ വെച്ച് പീഡിപ്പിച്ച കേസിൽ ക്ലീനർ പിടിയിലായി. കടയ്ക്കൽ കാറ്റാടിമുക്ക് സ്വദേശി റെജി (50) ആണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത്. കൊല്ലത്ത് നടന്ന വിവാഹത്തിൽ പങ്കെടുത്തു മടങ്ങുന്നതിനിടെയാണ് സംഭവം നടക്കുന്നത്.
ബസ്സിലെ ജീവനക്കാരനായ റെജി, കുട്ടിയെ തന്ത്രപൂർവ്വം ബസ്സിന്റെ പിൻസീറ്റിലേക്ക് വിളിച്ചുകൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ബസ്സിൽ മറ്റ് യാത്രക്കാർ ഉണ്ടായിരുന്ന സമയത്താണ് പ്രതി ഈ ക്രൂരതയ്ക്ക് മുതിർന്നത്.
വീട്ടിലെത്തിയ ശേഷം ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടി മാതാവിനോട് വിവരം വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾ ഉടൻ തന്നെ കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ്, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. ഒളിവിലാൻ ശ്രമിച്ച പ്രതിയെ ബസ്സിൽ വെച്ച് തന്നെ പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.
















