തിരുവനന്തപുരം: സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നത് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചാണെന്നും അന്വേഷണത്തിൽ ബെഞ്ചിന് പൂർണ സംതൃപ്തിയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
നിയമസഭ സ്തംഭിപ്പിച്ചുള്ള പ്രതിപക്ഷത്തിൻ്റെ സമരവുമായി ബന്ധപ്പെട്ട് സഭയിൽ സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഡിവിഷൻ ബെഞ്ചിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ പ്രവർത്തനം നടക്കുന്നത്. ഡിവിഷൻ ബെഞ്ചിന്റെ ഓരോ ഘട്ടത്തിലുമുളള നിർദേശങ്ങളും വലിയരുത്തലും പരിശോധനയും കൃത്യമായി നടക്കുന്നുണ്ട്.
ആ ഡിവിഷൻ ബെഞ്ച് നടത്തിയ നിരീക്ഷണങ്ങളാണ് നിയമ മന്ത്രി വിശദീകരിച്ചത്. അത് യഥാർത്ഥത്തിൽ പ്രതിപക്ഷത്തിന്റെ മുഖത്തേറ്റ അടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സഭയിൽ ഇന്ന് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടായത് നിർഭാഗ്യകരമായ കാര്യങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വാച്ച് ആൻഡ് വാർഡ്മാരെ തള്ളുകയായിരുന്നു പ്രതിപക്ഷ അംഗങ്ങൾ. ഒരുകാലത്തും നടക്കാത്ത കാര്യങ്ങളാണ് സഭയിൽ സംഭവിക്കുന്നത്.
ഒരു പ്രകോപനകരമായ അന്തരീക്ഷവും സഭയിൽ ഇല്ല, എന്നിട്ടും ബോധപൂർവ്വം കുഴപ്പം സൃഷ്ടിക്കുകയാണ് പ്രതിപക്ഷ ലക്ഷ്യം. നാട്ടിലും കോടതിയിലും ചെലവാകാത്ത കാര്യം സഭയിലെത്തി ബഹളം വെച്ച് നേടാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.
















