തിരുവനന്തപുരം: കേരളക്കരയെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊല പ്രമേയമാക്കിയുള്ള സിനിമയുടെ റിലീസ് തടയാതെ ഹൈക്കോടതി. സിനിമയെ കലയായി കണ്ടാൽ പോരേ എന്ന് കോടതി ചോദിച്ചു. കഴിഞ്ഞ ദിവസമാണ് ‘കാലം പറഞ്ഞ കഥ’ എന്ന പേരിലുള്ള സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ടാണ് അഫാന്റെ പിതാവ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.
സിനിമ എങ്ങനെ കേസ് അന്വേഷണത്തെയും വിചാരണയെയും ബാധിക്കുമെന്ന് കോടതി ചോദിച്ചു. വെഞ്ഞാറമൂട് കൂട്ടകൊല ആസ്പദമാക്കിയ സിനിമയെന്ന ആരോപണത്തിന് എന്താണ് തെളിവെന്നും കോടതി ചോദിച്ചു. ഹർജിയിൽ സെൻസർ ബോർഡ് അടക്കമുള്ള എതിർകക്ഷികളോട് ഹൈക്കോടതി വിശദീകരണം തേടിയിരിക്കുകയാണ്.
വെഞ്ഞാറമൂട് കൂട്ടക്കൊല ആസ്പദമാക്കിയുള്ള സിനിമക്കെതിരെ പ്രതി അഫാന്‍റെ പിതാവ് അബ്ദുള്‍ റഹീം രംഗത്തെത്തിയിരുന്നു. കേസിലെ വിചാരണ പൂര്‍ത്തിയായിട്ടില്ലെന്നും വിചാരണക്ക് മുമ്പ് സിനിമ റിലീസ് ചെയ്യുന്നത് കേസിനെ ബാധിക്കുമെന്നുമായിരുന്നു ഹര്‍ജിയിലെ വാദം. സിനിമയുടെ പേരിൽ കുടുംബത്തെ സാമൂഹിക മാധ്യമങ്ങളിലൂടെ ആക്ഷേപിക്കുകയാണെന്നും വിചാരണ കഴിയുന്നതുവരെ സിനിമ റിലീസ് ചെയ്യുന്നത് തടയണമെന്നും ഹര്‍ജിയിൽ ആവശ്യമുന്നയിച്ചിരുന്നു. പ്രസാദ് നൂറനാട് സംവിധാനം ചെയ്ത് കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി കഥയെഴുതി നിര്‍മിക്കുന്ന ചിത്രം ഫെബ്രുവരി ആറിനാണ് റിലീസ് ചെയ്യുന്നത്.
സഹോദരനും കാമുകിയും അടക്കം അഞ്ചുപേരെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതിയായ അഫാൻ നിലവിൽ പൂജപ്പുര സെന്‍ട്രൽ ജയിലിൽ വിചാരണ തടവുകാരനായി കഴിയുകയാണ്. വിചാരണ തടവിലിരിക്കെ തൂങ്ങി മരിക്കാൻ ശ്രമിച്ച അഫാൻ ദിവസങ്ങളോളം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. സഹോദരൻ അഹ്സാൻ, പെണ്‍സുഹൃത്ത് ഫര്‍സാന, പിതൃ സഹോദരൻ ലത്തീഫ്, ലത്തീഫിന്‍റെ ഭാര്യ സാജിത, പിതൃ മാതാവ് സൽമ ബീവി എന്നിവരെയാണ് അഫാൻ തലക്കടിച്ച് കൊലപ്പെടുത്തിയത്. ആർഭാട ജീവിതം നയിക്കാൻ അഫാൻ പണം കടംവാങ്ങുന്നത് ബന്ധുക്കള്‍ എതിർത്തിരുന്നു. അച്ഛന്‍റെ സഹോദരൻ ലത്തീഫ് വഴക്കു പറഞ്ഞു. അഫാന്‍റെ അമ്മ നടത്തിയിരുന്ന ചിട്ടിയുടെ പണം നൽകാത്തതിനെ ചൊല്ലിയും വാക്കുതർക്കമുണ്ടായി. അമ്മയുടെ സ്വര്‍ണമാല അഫാന് നൽകുന്നതിനെയും ലത്തീഫ് എതിര്‍ത്തു. ഇതിന്‍റെ വൈരാഗ്യത്തിണ് ലത്തീഫിനെയും ഭാര്യ ഷാഹിദയെയും തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. 2025 ഫെബ്രുവരി 24നാണ് കൊലപാതക പരമ്പര അരങ്ങേറിയത്.
















