നാഗ് അശ്വിന്റെ സയൻസ് ഫിക്ഷൻ ചിത്രമായ കൽക്കി 2898 എഡിയുടെ രണ്ടാം ഭാഗത്തിൽ ദീപിക പദുക്കോണിന് പകരം സായ് പല്ലവി വരുമെന്ന് റിപ്പോർട്ട്. ഹിന്ദുസ്ഥാൻ ടൈംസ് ആണ് വിവരം പുറത്തുവിട്ടത്. സിനിമയുടെ അണിയറപ്രവർത്തകർ ഹിന്ദുസ്ഥാൻ ടൈംസിനോട് ഇക്കാര്യം സ്ഥിരീകരിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
‘ഇതുവരെ ഒന്നും തീരുമാനിച്ചിട്ടില്ല. പക്ഷേ, ദീപികയുടെ വേഷത്തിലേക്ക് സായി പല്ലവിയെ അവതരിപ്പിക്കാൻ നിർമ്മാതാക്കൾ നോക്കുന്നുണ്ട്. അവർ ആ വേഷത്തിന് അനുയോജ്യയാകുമെന്ന് കരുതുന്നു,’ എന്നാണ് സിനിമയോട് അടുത്ത് നിൽക്കുന്ന വൃത്തങ്ങളിൽ നിന്നുള്ള റിപ്പോർട്ട്.
സിനിമയുടെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളിയിട്ടുണ്ട്. ‘ഇതെല്ലാം വെറും കിംവദന്തികൾ മാത്രമാണ്, കാരണം ഇതുവരെ ഒന്നും അന്തിമമാക്കിയിട്ടില്ല. ദയവായി ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുക,’ എന്നാണ് പറയുന്നത്. സിനിമയുടെ നിർമാതാക്കളോ, സംവിധായകനോ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.
ചിത്രത്തിൽ സുമതി എന്ന കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിച്ചത്. രണ്ടാം ഭാഗത്തിലെ തന്റെ പ്രതിഫലത്തിൽ 25 ശതമാനത്തിലധികം വർധനവാണ് ദീപിക പദുകോൺ ആവശ്യപ്പെട്ടതെന്നാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒപ്പം തന്റെ ജോലിസമയം ഏഴ് മണിക്കൂറായി ചുരുക്കണമെന്ന് ദീപിക ആവശ്യപ്പെട്ടതായും റിപ്പോർട്ട് ഉണ്ട്. ഇത് സംബന്ധിച്ച് നടിയുമായി ചർച്ചകൾ നടന്നെങ്കിലും നിർമാതാക്കൾക്ക് ഒത്തുപോകാൻ കഴിഞ്ഞില്ലെന്നാണ് വിവരം.
തന്റെ ഒപ്പമുള്ള 25 ഓളം ടീമംഗങ്ങൾക്ക് ഫൈവ് സ്റ്റാർ താമസവും ഭക്ഷണവും ദീപിക ആവശ്യപ്പെട്ടിരുന്നു. ഒപ്പമുള്ള ടീമിന്റെ എണ്ണം കുറയ്ക്കണമെന്ന് നിർമാതാക്കൾ നടിയോട് അഭ്യർത്ഥിച്ചെങ്കിലും ദീപിക വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല എന്നാണ് സൂചന. ഒപ്പം സിനിമയുടെ ലാഭത്തിൽ നിന്ന് ഒരു നിശ്ചിത ശതമാനം നടി ആവശ്യപ്പെട്ടെന്നും പലരും റിപ്പോർട്ട് ചെയ്യുന്നുണ്ട്.തുടർന്ന് ഇതിൽ പ്രതികരണവുമായി ദീപിക എത്തിയിരുന്നു. ഇന്ത്യയിലെ പല സൂപ്പർതാരങ്ങളും എട്ടു മണിക്കൂർ മാത്രമാണ് ജോലി ചെയ്യുന്നതെന്നും എന്നാൽ അതൊരിക്കലും ഒരു വാർത്തയായി മാറുന്നില്ലെന്നും ദീപിക പറഞ്ഞു.
















