”ലഹരി എന്നത് വെറുമൊരു ശീലമല്ല, മറിച്ച് ഒരു കുടുംബത്തിന്റെ വേരറുക്കാൻ ശേഷിയുള്ള മാരകായുധമാണ്. താൻ സ്നേഹിക്കുന്നവരേയും തനിക്ക് ജന്മം നൽകിയവരേയും തിരിച്ചറിയാൻ കഴിയാത്തവിധം മനുഷ്യനെ ഒരു മൃഗമാക്കി മാറ്റുന്ന വിനാശകാരി. ലഹരിയുടെ ലഹരിയിൽ സ്വന്തം രക്തത്തെപ്പോലും തിരിച്ചറിയാത്ത ക്രൂരതകളുടെ കഥകൾ നമുക്ക് ചുറ്റും ഇന്ന് നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ വർഷം കേരളത്തെ നടുക്കിയ കുടുംബക്കൊലപാതകത്തിന്റെ ഞെട്ടൽ മാറും മുൻപേ, ഇതാ മറ്റൊരു ദാരുണമായ അധ്യായം കൂടി.
പാലക്കാട് ഒറ്റപ്പാലത്തെ തോട്ടക്കരയിൽ നിന്ന് കേട്ടത് സ്നേഹത്തിന്റെ തണലിൽ ലഹരി പടർത്തിയ ഇരുട്ടിന്റെ കഥയാണ്. സ്നേഹിച്ച പുരുഷൻ തന്റെ കുടുംബത്തിന്റെ അന്തകനായി മാറുമെന്ന് ആ പാവം പെൺകുട്ടി കരുതിയിട്ടുണ്ടാകില്ല. ഒരു നിമിഷത്തെ പ്രണയത്തിന് അവൾ നൽകേണ്ടി വന്നത് സ്വന്തം മാതാപിതാക്കളുടെ ജീവനായിരുന്നു. ലഹരി മസ്തിഷ്കത്തെ ഭരിക്കുമ്പോൾ പകയും ക്രൂരതയും മാത്രം ബാക്കിയായ ഒരു മനുഷ്യന്റെ താണ്ഡവം… 2026 ജനുവരിയിൽ കേരള മനസ്സാക്ഷിയെ തളർത്തിയ ആ കൊലപാതക പരമ്പരയുടെ നടുക്കുന്ന സംഭവം.
ഒറ്റപ്പാലത്തെ തോട്ടക്കര പള്ളിപ്പടിയിലുള്ള നസീറിന്റെയും സുഹ്റയുടെയും ഏകമകളായിരുന്നു സുൽഫത്ത്. വിവാഹം കഴിഞു ഒരുപാട് വർഷം കഴിഞ്ഞിട്ടും തങ്ങൾക്കൊരു കുഞ്ഞുണ്ടാക്കാത്തതിനാൽ അവർ അനാഥാലയത്തിൽ നിന്ന് എടുത്തു വളർത്തിയതായിരുന്നു സുൽഫത്തിനെ.
എന്നാൽ മറ്റുള്ള മാതാപിതാക്കൾ സ്വന്തം മക്കളെ സ്നേഹിക്കുന്നതിനെക്കാട്ടിലും ഇരട്ടി സ്നേഹിച്ചും ലാളിച്ചുമായിരുന്നു അവർ സുൽഫത്തിനെ വളർത്തിയത്. നസീറിന്റെ ചെറിയ കടയിൽ നിന്നുള്ള വരുമാനത്തിൽ ആ കൊച്ചു കുടുംബം സന്തോഷത്തോടെയാണ് കഴിഞ്ഞിരുന്നത്. എന്നാൽ സുൽഫത്തിന്റെ മനസ്സിൽ അറിയാത്ത പ്രായത്തിൽ മൊട്ടിട്ട പ്രണയം ആ സന്തോഷത്തെ അധികകാലം നിലനിർത്തിയില്ല.
നസീറിന്റെ അളിയന്റെ മകൻ മുഹമ്മദ് റാഫിയുമായി സുൽഫത്ത് പ്രണയത്തിലായി. റാഫിയും സുൽഫത്തിനെപ്പോലെ തന്നെ ഒരു അനാഥാലയത്തിൽ നിന്ന് ദത്തെടുത്തു വളർത്തിയ കുട്ടിയായിരുന്നു. എന്നാൽ റാഫിയുടെ സ്വഭാവദൂഷ്യങ്ങൾ നന്നായി അറിയാമായിരുന്ന നസീറും സുഹറയും ഈ ബന്ധത്തെ എതിർത്തു. തന്റെ മകളുടെ നല്ല ഭാവിക്കായി മകളോട് ഈ ബന്ധത്തിൽ നിന്ന് പിന്മാറാൻ അവർ ആവശ്യപ്പെട്ടു.
പക്ഷെ, മാതാപിതാക്കളുടെ എതിർപ്പിനെ അവഗണിച്ചു ഡിഗ്രി ഒന്നാം വർഷ വിദ്യാർത്ഥിനിയായിരിക്കെ സുൽഫത്ത് റാഫിയുടെ കൂടെ ഇറങ്ങിപ്പോയി. പിന്നീട് അവർ ഒന്നിച്ചു താമസം തുടങ്ങിയതോടെ നസീറും കുടുംബവും ആ ബന്ധത്തെ മനസ്സില്ലാമനസ്സോടെ അംഗീകരിച്ചു. വിവാഹ ശേഷം റാഫി നന്നാകുമെന്നും മകളെ നന്നായി നോക്കുമെന്നും അവർ വിശ്വസിച്ചു.
വിവാഹശേഷം കുറച്ചുകാലം അവർ പൊന്നാനിയിൽ സന്തോഷത്തോടെ കഴിഞ്ഞു. എന്നാൽ അത് അധികനാൾ ഉണ്ടായിരുന്നില്ല. വിവാഹം കഴിഞ്ഞു അതികം വൈകാതെ അവർക്കൊരു ആൺകുഞ്ഞു പിറന്നു – മുഹമ്മദ് ഇഷാൻ. മകൻ വന്നതോടെ റാഫി നന്നാകുമെന്ന് സുൽഫത്ത് കരുതിയെങ്കിലും സംഭവിച്ചത് നേരെ തിരിച്ചായിരുന്നു. റാഫി മയക്കുമരുന്നിന്റെ ലോകത്തേക്ക് ആഴ്ന്നിറങ്ങി. ലഹരിയുടെ ഉപയോഗം കൂടുകയും അത് അവനെ ഒരു മൃഗമാക്കി മാറ്റികൊണ്ടിരിക്കുകയും ചെയ്തു.
ഇതിനിടയിൽ മയക്കുമരുന്ന് കടത്തിന് റാഫി പോലീസിന്റെ പിടിയിലായി. വലിയ തുക ചെലവഴിച്ച് സുൽഫത്താണ് അവനെ ജാമ്യത്തിലിറക്കിയത്. പുറത്തിറങ്ങിയ റാഫി കൂടുതൽ അക്രമാസക്തനാകുകയായിരുന്നു. വീട്ടിൽ നിരന്തരമായി വഴക്കുകളും സുൽഫത്തിനെയും കുഞ്ഞിനേയും ശാരീരിക ഉപദ്രവങ്ങളും തുടർന്നു. ഒടുവിൽ സഹികെട്ട്, 2025-ന്റെ തുടക്കത്തിൽ സുൽഫത്ത് ഇഷാനെയും കൂട്ടി തോട്ടക്കരയിലെ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തി.
കോടതിയിൽ വിവാഹമോചനത്തിന് കേസ് ഫയൽ ചെയ്തു. റാഫി മയക്കുമരുന്ന് കച്ചവടക്കാരനാണെന്ന് അവൾ കോടതിയിൽ തുറന്നുപറഞ്ഞു. കോടതി വിധി പ്രകാരം ഇഷാനെ ആഴ്ചയിൽ രണ്ട് ദിവസം റാഫിയുടെ കൂടെ വിടേണ്ടി വന്നു. എന്നാൽ പറഞ്ഞ സമയത്ത് കുട്ടിയെ തിരിച്ചു നൽകാതെ റാഫി പ്രശ്നങ്ങളുണ്ടാക്കി. ഒടുവിൽ കോടതിയുടെ കർശന നിർദ്ദേശത്തോടെയാണ് സുൽഫത്തിന് മകനെ തിരിച്ചു കിട്ടിയത്. ഇത് റാഫിയുടെ ഉള്ളിൽ പക വളർത്തി.
2026 ജനുവരി 18-ന് രാത്രി. തോട്ടക്കര പള്ളിപ്പടി കവലയിൽ ഒരു കല്യാണത്തിന്റെ ഒരുക്കങ്ങളുമായി ചില യുവാക്കൾ നിൽക്കുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് രാത്രി ഏകദേശം 11:30-ഓടെ സുൽഫത്ത് തന്റെ മൂന്നര വയസ്സുള്ള മകൻ ഇഷാനെയും എടുത്ത് അലറിവിളിച്ചു കൊണ്ട് ഓടി വരുന്നത് അവർ കണ്ടത്. “അയാൾ വെട്ടി… എന്റെ ഉപ്പയെയും ഉമ്മയെയും വെട്ടി!” എന്നവൾ കരഞ്ഞു പറഞ്ഞു. അപ്പോഴാണ് ഇരുട്ടിൽ നിന്നും ആയുധവുമായി ഒരാൾ പാഞ്ഞുവരുന്നത് അവർ കണ്ടത്. അത് റാഫിയായിരുന്നു.
സുൽഫത്തിനും കുഞിനെയും കൊള്ളാൻ ആയിരുന്നു അവൻ അവിടേക്ക് പാഞ്ഞു എത്തിയത്. എന്നാൽ നാട്ടുകാർ സംഘടിച്ചതോടെ റാഫി അവിടെനിന്നും ഓടി മറഞ്ഞു. കുറച്ചു സമയത്തിന് ശേഷം രക്തം പുരണ്ട വസ്ത്രങ്ങളുമായി റാഫി തോട്ടക്കര നഗരസഭാ കൗൺസിലർ ശശികുമാറിന്റെ മുന്നിലെത്തി. മുഖത്തെ രക്തം കണ്ടു ചോദിച്ചപ്പോൾ “കൈ ഞരമ്പ് മുറിച്ചതാണ്” എന്ന് പറഞ്ഞു റാഫി വീണ്ടും ഇരുട്ടിലേക്ക് ഓടിപ്പോയി.
പോലീസ് സ്ഥലത്തെത്തി നസീറിന്റെ വീടിന് പിന്നിൽ പരിശോധിച്ചപ്പോൾ കണ്ടത് അതിദാരുണമായ കാഴ്ചയായിരുന്നു. നസീറും സുഹറയും വെട്ടേറ്റ് രക്തത്തിൽ കുളിച്ചു കിടക്കുന്നു. പോലീസ് സംഭവസ്ഥലത്തെത്തിയപ്പോഴേക്കും ഇരുവരും മരണപ്പെട്ടിരുന്നു. ഇതിനിടയിൽ അയൽവീട്ടിൽ അഭയം തേടിയ സുൽഫത്തിന്റെയും ഇഷാന്റെയും അവസ്ഥ വളരെ മോശമായിരുന്നു. ഇഷാന്റെ ശരീരത്തിൽ റാഫി ഏൽപ്പിച്ച ആഴത്തിലുള്ള മുറിവുകൾ കണ്ട് നാട്ടുകാർ ഞെട്ടിപ്പോയി. ഉടൻ തന്നെ അവനെ ആശുപത്രിയിൽ എത്തിച്ചു.
നാട്ടുകാരും പോലീസും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ വീടിന് സമീപത്തുള്ള പള്ളിക്കാട്ടിലെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന റാഫിയെ പിടികൂടി. അമിതമായ ലഹരി ഉപയോഗിച്ച നിലയിലായിരുന്ന അവൻ സ്വയം കൈ ഞരമ്പ് മുറിച്ചു മരിക്കാൻ ശ്രമിച്ചിരുന്നു. പോലീസ് അവനെ ബലമായി കീഴ്പ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.
ഒരു കുടുംബത്തിന്റെ മുഴുവൻ സ്വപ്നങ്ങളും സ്നേഹവും ലഹരിയുടെയും പകയുടെയും മുനയിൽ തകർന്നടിഞ്ഞ വാർത്തയായിരുന്നു അത്. ഒന്നും ഇല്ലാതിരുന്ന തന്നെ സ്നേഹത്തോടെ വളർത്തി വലുതാക്കിയ മാതാപിതാക്കളെ ഭർത്താവ് തന്റെ കണ്ണിന്റെ മുമ്പിൽ ഇട്ടു വെട്ടി കൊല്ലുന്നത് കാണേണ്ടി വന്ന അവസ്ഥയായിരുന്നു സുൽഫത്തിന്. മാതാപിതാക്കളുടെ വാക്ക് കേൾക്കാതെ അറിയാത്ത പ്രായത്തിൽ തോന്നിയ പ്രണയവും ലഹരി എന്ന വിപത്തുകാരണം ജീവിതം നശിക്കേണ്ടി വന്നതും ആയിരുന്നു പാലക്കാട് ഒറ്റപ്പാലത്തു നടന്നത്.
















