ശബരിമല സ്വർണക്കൊള്ള കേസിനെ കുറിച്ചുള്ള കനത്ത വാക്പോരിന് പിന്നാലെ രണ്ടാം ദിവസവും സഭ ബഹിഷ്ക്കരിച്ച് പ്രതിപക്ഷം. ഇന്ന് സഭ സമ്മേളിച്ചതിന് പിന്നാലെ ഇന്നലെ സ്പീക്കറുടെ ഡയസിന് മുകളിലേക്ക് പ്രതിപക്ഷ എംഎൽഎ ചാടിക്കയറിയ സംഭവവും ചർച്ചയായി. അടിയന്തര പ്രമേയം അവതരിപ്പിക്കാതെ ശബരിമല വിഷയത്തിൽ പ്രതിഷേധിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്.
ഇന്നലെ വാച്ച് ആന്‍ഡ് വാര്‍ഡിനെ വടി കൊണ്ട് അടിച്ചെന്ന പ്രസ്താവന പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സഭയിൽ ആവശ്യപ്പെട്ടു. അതേസമയം, ബാനര്‍ കെട്ടിയ കമ്പ് കൊണ്ട് തല്ലിയത് ആരെന്ന് പറയണോയെന്നും സ്പീക്കര്‍ എ.എൻ. ഷംസീർ ചോദിച്ചു.
പ്രതിപക്ഷ നേതാവ് ഇരട്ടത്താപ്പിൻ്റെ നേതാവാണെന്നും എം.ബി. രാജേഷ് തിരിച്ചടിച്ചു. എന്നാൽ ഡയസില്‍ കയറി കസേര വലിച്ചിട്ടവരാണ് ഇരട്ടത്താപ്പിനെ കുറിച്ച് പറയുന്നതെന്ന് വി.ഡി. സതീശനും മറുപടി പറഞ്ഞു.
ശബരിമലയിലെ സ്വർണം കട്ടത് സിപിഐഎം നേതാക്കളാണെന്നും അവരെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണെന്നും പ്രതിപക്ഷ നേതാവ് സഭയിലും പുറത്തും വിമർശിച്ചു.
ഇന്നലെ സഭ ബഹിഷ്ക്കരിച്ചതിന് തുടർച്ചയായി ഇന്നും സ്പീക്കറുടെ ഡയസിന് മുന്നിൽ പ്ലക്കാർഡുകളും ബാനറുകളും ഉയർത്തിയാണ് പ്രതിപക്ഷം പ്രതിഷേധം തുടർന്നത്. “സ്വർണം കട്ടത് ആരപ്പാ… സഖാക്കളാണേ അയ്യപ്പാ” എന്ന ബാനറും പ്രതിപക്ഷം സഭയിൽ ഉയർത്തി.
കേന്ദ്ര ബജറ്റിൽ കേരളത്തിനെതിരായ അവഗണനയ്ക്ക് എതിരെ ഇന്ന് മുഖ്യമന്ത്രി മറുപടി പറയാനിരിക്കെ സഭാ നടപടികൾ തടസ്സപ്പെടുത്തുന്ന രീതിയിലാണ് പ്രതിപക്ഷം പ്രതിഷേധം നടത്തുന്നതെന്ന് ഭരണപക്ഷം ആരോപിച്ചു.
















