ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അന്വേഷണം പൂർത്തിയാക്കി ഇടക്കാല കുറ്റപത്രം സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘം ഒരുങ്ങുന്നു. പുതിയ അറസ്റ്റുകൾ ഉണ്ടാകില്ലെന്ന സൂചനയാണ് സംഘം നൽകുന്നത്. മാർച്ച് ആദ്യവാരത്തോടെ കോടതിയിൽ ഇടക്കാല കുറ്റപത്രം സമർപ്പിക്കും.
ഇതിനായുള്ള സാക്ഷികളുടെ പട്ടിക എസ്.ഐ.ടി തയ്യാറാക്കി കഴിഞ്ഞു. കേസിൽ അഞ്ചുപേർ കൂടി പിടിയിലാകാനുണ്ടെന്ന് നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നെങ്കിലും, ഇവർക്കെതിരെ മതിയായ തെളിവുകൾ ശേഖരിക്കാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് കൂടുതൽ അറസ്റ്റുകൾ വേണ്ടെന്ന നിലപാടിലേക്ക് സംഘം എത്തിയത്.
സന്നിധാനത്ത് നിന്ന് ദ്വാരപാലക പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് വേണ്ടി ഏറ്റുവാങ്ങിയ സ്‌പോണ്‍സര്‍മാരായ അനന്തസുബ്രഹ്‌മണ്യം, രമേഷ് റാവു എന്നിവരും സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്ന് 479 ഗ്രാം സ്വര്‍ണം ബെല്ലാരിയിലെ ജ്വല്ലറി ഉടമയായ ഗോവര്‍ധന് എത്തിച്ചുനല്‍കിയ കല്‍പേഷും പ്രതിപ്പട്ടികയിലുള്ള മറ്റ് ദേവസ്വം ബോര്‍ഡ് മുന്‍ ഉദ്യോഗസ്ഥരും സാക്ഷികളാകും.
ആദ്യം കരട് കുറ്റപത്രം തയ്യാറാക്കി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറില്‍ നിന്ന് നിയമോപദേശം തേടും. തുടര്‍ന്ന് പ്രോസിക്യൂഷന്‍ അനുമതിക്കായി സര്‍ക്കാരിനെ സമീപിക്കും. അനുമതി ലഭിച്ചാല്‍ മാര്‍ച്ച് ആദ്യവാരം തന്നെ ഇടക്കാല കുറ്റപത്രം സമർപ്പിക്കാനാണ് തീരുമാനം.
















