ശബരിമല സ്വർണക്കൊള്ള കേസിൽ എസ്.ഐ.ടിയുടെ അന്വേഷണം ശരിയായ ദിശയിലാണെന്ന് കേരള ഹൈകോടതി. അതിസങ്കീർണ കേസായതിനാൽ കുറ്റപത്രം വൈകുന്നതിൽ ആശങ്കയുടെ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.
കേസിന്റെ അന്വേഷണം സി.ബി.ഐ.ക്ക് കൈമാറണമെന്ന ആവശ്യവുമായി ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറടക്കം നാലുപേരാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നത്. ഈ ഹർജികളിലാണ് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് നിരീക്ഷണം നടത്തിയത്. കേസിലെ പ്രതികളാരും രക്ഷപ്പെടില്ലെന്നും അതിനുള്ള മേൽനോട്ടം തങ്ങളുടെ ഭാഗത്തുനിന്നുണ്ടെന്നും ഹൈക്കോടതി അറിയിച്ചു.
അതേസമയം കേസിലെ മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജിയിൽ വ്യാഴാഴ്ച വിധി പറയും. കൊല്ലം വിജിലൻസ് കോടതിയാണ് വിധി പറയുക. കട്ടിളപ്പാളി കേസിൽ വാദം പൂർത്തിയായിട്ടുണ്ട്. കുറ്റപത്രം സമർപ്പിച്ചിട്ടില്ലാത്തതിനാൽ സ്വാഭാവികമായ ജാമ്യം ലഭിച്ചേക്കും.
















