വോട്ടർ പട്ടികയിലെ പൊരുത്തക്കേടുകൾ പരിഹരിക്കുന്നതിനായുള്ള തീവ്ര പരിഷ്‌കരണ നടപടികൾ അവസാന ഘട്ടത്തിലേക്ക്. നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി, മൂന്നാംഘട്ട ഹിയറിങ് ഒഴിവാക്കി പട്ടിക പുതുക്കൽ പൂർത്തിയാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പുതിയ നിർദ്ദേശം നൽകി.
നേരത്തെ വിദേശ പൗരത്വം നേടിയവർ, രേഖകളിൽ പൊരുത്തക്കേടുള്ളവർ, 2002-ലെ അടിസ്ഥാന പട്ടികയുമായി ബന്ധിപ്പിക്കാത്തവർ, ഒന്നിലധികം സ്ഥലങ്ങളിൽ പേരുള്ളവർ എന്നിവരെ നേരിട്ട് ഹിയറിങ്ങിന് വിളിച്ച് മാത്രമേ പട്ടികയിൽ നിലനിർത്താവൂ എന്നായിരുന്നു വ്യവസ്ഥ. എന്നാൽ പുതിയ നിർദ്ദേശപ്രകാരം, വിദേശ പൗരത്വം നേടിയവർ ഒഴികെയുള്ളവർക്ക് മതിയായ രേഖകൾ ഹാജരാക്കിയാൽ നേരിട്ടുള്ള ഹിയറിങ് ഇല്ലാതെ തന്നെ പട്ടികയിൽ തുടരാം.
പഴയ വോട്ടർ പട്ടികയിലെ വിവരങ്ങളുമായി വ്യത്യാസമുള്ളവർക്കും സ്ഥലത്തില്ലാത്തവർക്കും തങ്ങളുടെ രേഖകൾ ഹാജരാക്കിയാൽ ഹിയറിങ് നടത്തിയതായി കണക്കാക്കും. എന്നാൽ വിദേശ പൗരത്വം സ്വീകരിച്ചവരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്ന നടപടികൾ കർശനമായി തുടരും.
നിലവിൽ ലഭിച്ചിട്ടുള്ള അപേക്ഷകളിലും ആക്ഷേപങ്ങളിലും തീർപ്പുകൽപ്പിക്കാനുള്ള സമയപരിധി ഫെബ്രുവരി 12 വരെയാണ്. ഇത് പൂർത്തിയാക്കി ഫെബ്രുവരി 21-ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. രാഷ്ട്രീയ പാർട്ടികളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം
















