തന്റെ വകുപ്പിനെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന അഴിമതി ആരോപണങ്ങളിൽ യാതൊരു അടിസ്ഥാനവുമില്ലെന്നും താൻ രാജിവെക്കുന്ന പ്രശ്നമേ ഉദിക്കുന്നില്ലെന്നും കർണാടക എക്സൈസ് മന്ത്രി ആർ.ബി. തിമ്മപൂർ. നിയമസഭയിൽ ബി.ജെ.പിയും ജെ.ഡി.എസും ഉയർത്തുന്ന കടുത്ത പ്രതിഷേധങ്ങൾക്കിടെ ബുധനാഴ്ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തനിക്കെതിരെയുള്ള ആരോപണങ്ങൾ വ്യാജമാണെന്നും സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണിതെന്നും മന്ത്രി ആരോപിച്ചു. “ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് അവരുടെ കൈവശം എന്ത് തെളിവാണ് ഉള്ളത്?
പ്രതിപക്ഷം ആവശ്യപ്പെടുമ്പോഴെല്ലാം മന്ത്രിമാർ രാജിവെച്ചാൽ സർക്കാരിനെ നയിക്കാൻ കഴിയുമോ?” എന്ന് അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പോലും രാജി ആവശ്യപ്പെടുന്ന പ്രതിപക്ഷം വെറും സമ്മർദ്ദ തന്ത്രങ്ങളാണ് പ്രയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രിക്കെതിരെ ബി.ജെ.പി പുറത്തുവിട്ട ഓഡിയോ ക്ലിപ്പുകൾ വ്യാജമാണെന്ന് തിമ്മപൂർ വ്യക്തമാക്കി. ആ ഓഡിയോയിൽ താനോ ഏതെങ്കിലും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരോ സംസാരിച്ചിട്ടുണ്ടോ എന്ന് അദ്ദേഹം വെല്ലുവിളിച്ചു.
“ഏതെങ്കിലും ഉദ്യോഗസ്ഥൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവർ തന്നെ അതിന് മറുപടി പറയണം. ക്രമക്കേടുകൾ കണ്ടെത്തിയ ഉദ്യോഗസ്ഥർക്കെതിരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള കർശന നടപടികൾ താൻ ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്,” മന്ത്രി പറഞ്ഞു.
















