സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ദീർഘനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ശമ്പള-പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിനിടെയാണ് ജീവനക്കാർക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങൾ മന്ത്രി നടത്തിയത്. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ജീവനക്കാരുടെ ക്ഷേമത്തിന് മുൻഗണന നൽകുന്ന സമീപനമാണ് സർക്കാരിന്റേതെന്ന് അദ്ദേഹം വ്യക്തമാക്കി.
ജീവനക്കാരുടെ കുടിശ്ശികയായ ക്ഷാമബത്ത (ഡി.എ) വിതരണം സംബന്ധിച്ച് മന്ത്രി വ്യക്തമായ ഉറപ്പ് നൽകി. വരാനിരിക്കുന്ന ഏപ്രിൽ മാസത്തോടു കൂടി എല്ലാ ഡി.എ കുടിശ്ശികകളും കൊടുത്തുതീർക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി അടുത്ത സാമ്പത്തിക വർഷത്തിൽ 23,000 കോടി രൂപ അധികമായി വകയിരുത്തിയിട്ടുണ്ട്. നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ ഇത് വലിയൊരു നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.
















