ശബരിമല മുൻ തന്ത്രി കണ്ഠരര് രാജീവര് രണ്ടരക്കോടി രൂപ നിക്ഷേപിച്ച തിരുവല്ലയിലെ നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് എന്ന ധനകാര്യ സ്ഥാപനത്തിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയത്. തിരുവല്ല കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപമുള്ള സ്ഥാപനത്തിന്റെ ഓഫീസിലും, ഉടമ എൻ.എം. രാജുവിന്റെ രാമൻചിറയിലെ വീട്ടിലും ഇന്ന് രാവിലെ മുതൽ പരിശോധന തുടർന്നു. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകളും തന്ത്രിയുടെ നിക്ഷേപം സംബന്ധിച്ച വിവരങ്ങളുമാണ് ഇഡി പ്രധാനമായും ശേഖരിക്കുന്നത്.
സ്വർണ്ണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം (SIT) തന്ത്രിയെ ചോദ്യം ചെയ്തപ്പോഴാണ് ഈ നിക്ഷേപത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. 2.5 കോടി രൂപയാണ് താൻ ഈ സ്ഥാപനത്തിൽ നിക്ഷേപിച്ചതെന്ന് കണ്ഠരര് രാജീവര് സമ്മതിച്ചിരുന്നു. ആയിരക്കണക്കിന് നിക്ഷേപകരിൽ നിന്ന് കോടികൾ തട്ടിയെടുത്ത് വിവാദത്തിലായ ഈ സ്ഥാപനം നേരത്തെ പൂട്ടിപ്പോയിരുന്നു. പണം നഷ്ടമായിട്ടും ഇത്രയും വലിയ തുകയെക്കുറിച്ച് തന്ത്രി പരാതി നൽകാതിരുന്നത് അന്വേഷണ സംഘത്തിൽ വലിയ സംശയങ്ങൾക്കിടയാക്കിയിരുന്നു.
സ്വർണ്ണക്കൊള്ളയിലൂടെ ലഭിച്ച പണം ഇത്തരത്തിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിക്ഷേപിച്ച് വെളുപ്പിക്കാൻ ശ്രമിച്ചോ എന്നാണ് ഇഡി പരിശോധിക്കുന്നത്. തന്ത്രി കണ്ഠരര് രാജീവര് നിലവിൽ റിമാൻഡിൽ കഴിയുകയാണ്. ശബരിമലയിലെ സ്വർണ്ണപ്പാളികൾ മോഷ്ടിച്ച് കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ തന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ സ്ഥാപനങ്ങളിലേക്ക് അന്വേഷണം വ്യാപിക്കാനാണ് സാധ്യത.
















