നടപടികള്‍ വേഗത്തില്‍ ആക്കി ഔട്ടര്‍ റിംഗ് റോഡിനു അടിയന്തിരമായി അനുമതി നല്‍കണം എന്ന് കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെടുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. ഈ ആവശ്യം ഉന്നയിച്ച് കേന്ദ്രത്തിനു വീണ്ടും കത്തയക്കുമെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ വി.ജോയി എം.എല്‍.എയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായാണ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഇക്കാര്യം അറിയിച്ചത്.
കേരളത്തിന്റെ പശ്ചാത്തല വികസന മേഖലയില്‍ വലിയ മുന്നേറ്റം സാധ്യമാക്കിയ വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാക്കിയ സര്‍ക്കാരാണ് ldf സര്‍ക്കാര്‍. അതിന്റെ രണ്ടാംഘട്ട വികസനപ്രവര്‍ത്തനങ്ങളും ആരംഭിച്ചു കഴിഞ്ഞു. വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാകുന്നത്തോടെ കേരളത്തില്‍ പ്രത്യേകിച്ചും തെക്കന്‍ കേരളത്തില്‍ സാധ്യമാകാന്‍ പോകുന്ന വികസന വിപ്ലവം മുന്നില്‍ കണ്ട് ദീര്‍ഘവീക്ഷണത്തോടെ ആവിഷ്‌കരിച്ച പദ്ധതി ആണ് വിഴിഞ്ഞം – നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡ്. വിഴിഞ്ഞം തുറമുഖത്തു നിന്നുള്ള ചരക്കു നീക്കം വേഗത്തിലാക്കാനും അതിന്റെ ഭാഗമായി സാധ്യമാക്കാന്‍ ഇടയുള്ള വ്യവസായ – വ്യാപാര മുന്നേറ്റങ്ങള്‍ക്ക് വേഗം പകരാനും ഉള്ള പദ്ധതി എന്ന നിലയില്‍ ആണ് ശ്രീ പിണറായി വിജയന്റെ നേതൃത്വത്തില്‍ ഉള്ള ldf സര്‍ക്കാര്‍ ഈ പദ്ധതിയെ സമീപിച്ചത്.
ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ പദ്ധതി നിര്‍ദേശം മുന്നോട്ടുവെക്കുകയും ഔട്ടര്‍ റിംഗ് റോഡ് ദേശീയപാത പദ്ധതിയായി നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ടു. 28.04.2018-ല്‍ ബഹു. മുഖ്യമന്ത്രി, ബഹുമാനപ്പെട്ട കേന്ദ്ര ഉപരിതല ഗതാഗത വകുപ്പു മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ പദ്ധതി ദേശീയപാത അതോറിറ്റി ഏറ്റെടുക്കുന്നതിനു തത്വത്തില്‍ തീരുമാനിച്ചു. കേന്ദ്രം ആവശ്യപ്പെട്ടത് അനുസരിച്ച് സംസ്ഥാനത്തിന്റെ ധനപരമായ പങ്കാളിത്തത്തോടെ പദ്ധതി നടപ്പിലാക്കുവാന്‍ സംസ്ഥാന സര്‍ക്കാരും തീരുമാനിച്ചു. പദ്ധതിക്ക് കേന്ദ്രഉപരിതല ഗതാഗത വകുപ്പിന്റെ അംഗീകാരം ലഭിക്കുന്നതിന് തുടര്‍ന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇടപെടലുകള്‍ നടത്തികൊണ്ടിരുന്നു. കേരളത്തിന്റെ തുടര്‍ച്ചയായ ആവശ്യം അംഗീകരിച്ച് nhai,
അലൈന്‍മെന്റിന് അന്തിമ രൂപം നല്‍കി. ഇതേ തുടര്‍ന്ന് സംസ്ഥാനത്തിന്റെ പങ്കാളിത്തം സംബന്ധിച്ച് സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനം എടുത്തു.
നാവായിക്കുളം മുതല്‍ വിഴിഞ്ഞം വരെ സര്‍വീസ് റോഡുകള്‍ ഉള്‍പ്പെടെ 45 മീറ്റര്‍ വീതിയില്‍ ഔട്ടര്‍ റിംഗ് റോഡ് വികസിപ്പിക്കുന്നതിനായി ഭൂമി ഏറ്റെടുക്കുന്നതിന്റെ 50% തുകയും സര്‍വീസ് റോഡുകളുടെ നിര്‍മ്മാണത്തുകയും പൂര്‍ണമായും സംസ്ഥാനം ഏറ്റെടുത്തു. കൂടാതെ നിര്‍മ്മാണ വസ്തുക്കളുടെ ചരക്കുസേവന നികുതി, റോയല്‍റ്റി എന്നിവയില്‍ നിന്നുള്ള വരുമാനം സംസ്ഥാന സര്‍ക്കാര്‍ അധിക ബാധ്യത ആയി ഏറ്റെടുക്കുകയും ചെയ്തു. ഏകദേശം 1629.24 കോടി രൂപ ബാധ്യത വരുന്ന പാക്കേജ് ആണ് സംസ്ഥാനം അംഗീകരിച്ചത്. ഈ വ്യവസ്ഥകള്‍ ഉള്‍പ്പെട്ട ധനകാര്യ പങ്കാളിത്ത ഉടമ്പടി ഒപ്പ് വയ്ക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചെങ്കിലും ഇപ്പോഴും കേന്ദ്രത്തിന്റെ അന്തിമ അനുമതി ലഭിച്ചിട്ടില്ല. 2024 ഡിസംബറിലും 2025 ജൂണിലും ഒക്ടോബറിലും ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ബഹുമാനപ്പെട്ട കേന്ദ്രഉപരിതല ഗതാഗത വകുപ്പ് മന്ത്രിയെ നേരിട്ട് സന്ദര്‍ശിച്ച് ഔട്ടര്‍ റിംഗ് റോഡ് പദ്ധതിക്ക് അനുമതി ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തിയിരുന്നു. അനുമതി നല്‍കുമെന്ന ഉറപ്പും കേന്ദ്ര മന്ത്രി നല്‍കിയിരുന്നു.
ഇക്കാര്യത്തില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഉദ്യോഗസ്ഥ തലത്തിലും ചര്‍ച്ചകള്‍ നടത്തി വരുന്നുണ്ട്. ചീഫ് സെക്രട്ടറി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് കത്ത് അയക്കുകയും അനുമതി കാര്യം ഓര്‍മപ്പെടുത്തുകയും ചെയ്തു. എന്നാല്‍
സംസ്ഥാനത്ത് ദേശീയപാത 66 ല്‍ ചില ഭാഗങ്ങളിലുമുണ്ടായ തകരാറുകള്‍ പരിഗണിച്ച്, ഔട്ടര്‍ റിംഗ് റോഡിന്റെ അലൈന്‍മെന്റ് സംബന്ധിച്ച് വിദഗ്ധ ഏജന്‍സി മുഖേന വിശദമായ പഠനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട് എന്ന മറുപടി ആണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നല്‍കിയത്. അപകടസാധ്യതയുള്ള ഉയര്‍ന്ന കട്ടിംഗ് (High Cutting) മേഖലകളില്‍ ടണല്‍ ഉള്‍പ്പെടെയുള്ള അനുയോജ്യമായ പരിഹാരങ്ങള്‍ സാധ്യമാണോ എന്ന് പരിശോധിക്കാന്‍ M/s Frontier Geo Services Pvt. Ltd. നെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഇവരുടെ റിപ്പോര്‍ട്ട് കൂടി പരിശോധിച്ച് പരിഷ്‌ക്കരിച്ച ഡി പി ആര്‍ ഫെബ്രുവരിയോടെ സമര്‍പ്പിക്കും എന്നും മറുപടി നല്‍കിയിട്ടുണ്ട്. പദ്ധതിയുടെ പാരിസ്ഥിതിക അനുമതി കേന്ദ്രവനം പരിസ്ഥിതി മന്ത്രായലയത്തില്‍ നിന്ന് ലഭ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ദേശീയപാത അതോറിറ്റി അറിയിച്ചിട്ടുണ്ട്.പദ്ധതിക്ക് അന്തിമ അനുമതി നല്‍കുന്നത് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ പരിഗണയില്‍ ആണ് എന്നും, മുന്‍ഗണന ക്രമവും ഫണ്ട് ലഭ്യതയും പരിഗണിച്ച് അനുമതി ലഭ്യമാക്കുന്നതാണ് എന്നും ദേശീയപാത അതോറിറ്റി അറിയിച്ചിട്ടുണ്ട്. നടപടികള്‍ വേഗത്തില്‍ ആക്കി ഔട്ടര്‍ റിംഗ് റോഡിനു അടിയന്തിരമായി അനുമതി നല്‍കണം എന്ന് കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെടും. ഈ ആവശ്യം ഉന്നയിച്ച് കേന്ദ്രത്തിനു വീണ്ടും കത്തയക്കും
അപ്പോ ശരി ബാ പോവാം..ഇറ്റലിക്ക്
















