ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പുതിയ വ്യാപാര കരാർ യാഥാർഥ്യമാകുന്നു. ഇതുസംബന്ധിച്ച സംയുക്ത പ്രസ്താവന ഇരു രാജ്യങ്ങളും പുറത്തുവിട്ടു. മാസങ്ങൾ നീണ്ട ചർച്ചകൾക്കും തർക്കങ്ങൾക്കും ശേഷമാണ് ഇന്ത്യയും യുഎസും വെള്ളിയാഴ്ച ഇടക്കാല വ്യാപാര കരാറിന്റെ രൂപരേഖ തയാറാക്കിയത്.
ഇന്ത്യൻ ഉൽപന്നങ്ങൾക്ക് യുഎസ് ചുമത്തിയിരുന്ന 25 ശതമാനം നികുതി 18 ശതമാനം ആയി കുറച്ചു. ഇതുകൂടാതെ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യക്ക് ഏർപ്പെടുത്തിയിരുന്ന 25 ശതമാനം അധിക പിഴത്തീരുവ റദ്ദാക്കിക്കൊണ്ട് ഡോണൾഡ് ട്രംപ് പ്രത്യേക എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചു.
റഷ്യൻ ഉൽപന്നങ്ങൾക്ക് എണ്ണ വാങ്ങുന്നത് നിർത്തി പകരം യുഎസിൽ നിന്ന് കൂടുതൽ ഊർജ ഉൽപന്നങ്ങൾ വാങ്ങുമെന്ന് ഇന്ത്യ ഉറപ്പുനൽകിയ പശ്ചാത്തലത്തിലാണ് പ്രത്യേക ഉത്തരവിറക്കിയത്. എന്നാൽ ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി പുനരാരംഭിച്ചാൽ ഈ തീരുവ തിരികെ ഏർപ്പെടുത്തുമെന്നും ഉത്തരവിൽ മുന്നറിയിപ്പുണ്ട്.
യുഎസിൽ നിന്നുള്ള ചുവന്ന ചോളം, കശുവണ്ടി,ബദാം, പഴവർഗങ്ങൾ, സോയാബീൻ ഓയിൽ, വൈൻ, സ്പിരിറ്റ് എന്നിവയുൾപ്പെടെയുള്ള ഭക്ഷ്യ-കാർഷിക ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവ ഇന്ത്യ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുമെന്ന് പ്രസ്താവനയിൽ പറയുന്നു.
5 വർഷത്തിനുള്ളിൽ 50,000 കോടി ഡോളറിന്റെ സാധനങ്ങൾ ഇറക്കുമതി ചെയ്യും. ഇരു രാജ്യങ്ങൾക്കും താൽപര്യമുള്ള മേഖലകളിൽ മുൻഗണനാടിസ്ഥാനത്തിൽ വിപണി സൗകര്യങ്ങൾ ലഭ്യമാക്കാൻ ഇന്ത്യയും യുഎസും പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്താവനയിൽ പറയുന്നു.
കാര്‍ഷിക, ക്ഷീര മേഖലകളിൽ നിയന്ത്രിത ഇളവാണ് വരുത്തിയിരിക്കുന്നത്. ചില യുഎസ് വിളകൾക്ക് തീരുവ കുറയ്ക്കും. ഇന്ത്യൻ അരി ഇറക്കുമതിക്ക് മുൻഗണന നൽകുമെന്ന് യുഎസ് സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
ഓറഞ്ച്, പ്ലം, മുന്തിരി, നാരങ്ങ, വാഴപഴം എന്നിവയ്ക്ക് ഇന്ത്യ നികുതി ഇളവ് നൽകില്ല. യുഎസ് മദ്യത്തിന് ഇന്ത്യ തീരുവ കുറയ്ക്കുമെന്നും പ്രസ്താവനയിലുണ്ട്.
















