ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിൻ്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി മലേഷ്യയിലെത്തി. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിൻ്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് മോദിയുടെ ഈ സന്ദർശനം.
2024 ഓഗസ്റ്റിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ‘സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിലേക്ക്’ ഉയർത്തിയ ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ മലേഷ്യൻ സന്ദർശനമാണിത്.
പ്രതിരോധം, സുരക്ഷ, സാമ്പത്തികം, നൂതന സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുകയാണ് സന്ദർശനത്തിൻ്റെ പ്രധാന ലക്ഷ്യമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. യാത്ര തിരിക്കുന്നതിന് മുൻപ് നൽകിയ പ്രസ്താവനയിൽ, ഇന്ത്യയും മലേഷ്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധം സമീപകാലത്ത് വലിയ പുരോഗതി കൈവരിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. അൻവർ ഇബ്രാഹിമുമായുള്ള ചർച്ചകൾ ഈ പങ്കാളിത്തത്തിന് പുതിയ ദിശാബോധം നൽകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
മലേഷ്യയിലെ 30 ലക്ഷത്തോളം വരുന്ന ഇന്ത്യൻ സമൂഹവുമായി സംവദിക്കാനുള്ള ആവേശവും പ്രധാനമന്ത്രി പങ്കുവെച്ചു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇന്ത്യൻ പ്രവാസി സമൂഹങ്ങളിലൊന്നാണ് മലേഷ്യയിലേത്.
മലേഷ്യയുടെ വികസനത്തിൽ അവർ നൽകുന്ന സംഭാവനകളും ഇരുരാജ്യങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന സുപ്രധാന കണ്ണിയെന്ന നിലയിലുള്ള അവരുടെ പ്രവർത്തനങ്ങളും ഇന്ത്യ-മലേഷ്യ സൗഹൃദത്തിൻ്റെ ശക്തമായ അടിത്തറയാണെന്ന് മോദി പറഞ്ഞു.
















