ബോക്‌സ് ഓഫീസിൽ വമ്പൻ നേട്ടം സ്വന്തമാക്കിയ മോഹിത് സൂരി ചിത്രമാണ് ‘സയ്യാരാ’. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഈ ബോളിവുഡ് ചിത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ ചിത്രം വാലന്റൈൻസ് ഡേയ്ക്ക് മുന്നോടിയായി റീ-റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്.
റീ-റിലീസ് സംബന്ധിച്ച് നിർമാതാക്കളായ യാഷ് രാജ് ഫിലിംസ് (YRF) ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല. എങ്കിലും ഇന്ത്യയിലെ ഒന്നിലധികം നഗരങ്ങളിലെ BookMyShow-യിൽ നിലവിൽ ചിത്രത്തിന്റെ പ്രദർശന സമയങ്ങൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. തിയേറ്റർ ലിസ്റ്റിംഗുകൾ പ്രകാരം മുംബൈ, ദില്ലി, ബെംഗളൂരു, പൂനെ എന്നിവിടങ്ങളിൽ വാലന്റൈൻസ് വീക്കിൽ ‘സയ്യാരാ’ പ്രദർശനത്തിനെത്തും.
കഴിഞ്ഞ വർഷം ജൂലൈയിലാണ് ഈ ചിത്രം തിയേറ്ററുകളിലെത്തിയത്. പുതുമുഖങ്ങളായ അഹാൻ പാണ്ഡെയും അനീത് പദ്ദയും ആയിരുന്നു ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ലോകമെമ്പാടുമായി 577 കോടി രൂപയുടെ കളക്ഷൻ ചിത്രം വാരിക്കൂട്ടി. ആ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ഇന്ത്യൻ ചിത്രവും ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ പ്രണയ ചിത്രവുമായി മാറാനും സയ്യാരക്കായി.
















