മൂന്നാറിൽ ഭീതി വിതച്ച് കാട്ടുകൊമ്പന്റെ സാന്നിധ്യം. മൂന്നാർ ന്യൂ ഡിവിഷനിൽ രാത്രിയോടെ ജനവാസമേഖലയിറങ്ങിയ ‘വിരികൊമ്പൻ’ എന്ന് വിളിപ്പേരുള്ള കാട്ടുകൊമ്പൻ ഏറെ നേരം ജനവാസമേഖലയിൽ നിലയുറപ്പിച്ചു. രാത്രി ഒൻപതരയോടെയാണ് തോട്ടം തൊഴിലാളികൾ താമസിക്കുന്ന ലയത്തിന് മുന്നിലേക്ക് കൊമ്പൻ എത്തിയത്. ലയത്തിന് സമീപം ഏറെ നേരം നിലയുറപ്പിച്ച ആനയെ കണ്ടതോടെ നാട്ടുകാർ കടുത്ത ആശങ്കയിലായി.
തുടർന്ന് നാട്ടുകാർ ബഹളം വെച്ചതോടെയാണ് കാട്ടുകൊമ്പൻ ഉൾക്കാട്ടിലേക്ക് പിൻവാങ്ങിയത്. പടയപ്പയ്ക്ക് പുറമെ വിരികൊമ്പനും ജനവാസമേഖലകളിലേക്ക് എത്തുന്നതോടെ മൂന്നാറിലെ മലയോര ജനങ്ങളുടെ സ്വൈര്യജീവിതം കടുത്ത ആശങ്കയിലായിരിക്കുകയാണ്.















