കോൺഗ്രസ് നേതാവും എം.പിയുമായ ആന്റോ ആന്റണിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങുന്നു. നെടുംപറമ്പിൽ ഫിനാൻസ് ഉടമ എൻ.എം. രാജു നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
2019ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ സമയത്ത് ആൻ്റോ ആൻ്റണിക്ക് രണ്ട് കോടി രൂപ നൽകിയെന്നായിരുന്നു ഉടമ എൻ. എം. രാജുവിൻ്റെ വെളിപ്പെടുത്തൽ. രണ്ട് മാസത്തിനകം തിരികെ നൽകുമെന്നാണ് പറഞ്ഞിട്ട് ഏഴ് വർഷമായിട്ടും തിരികെ ലഭിച്ചില്ലെന്നും, 20 ലക്ഷം മാത്രമാണ് ഇതുവരെ നൽകിയത് എന്നുമായിരുന്നു രാജു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
വെളിപ്പെടുത്തലിന് പിന്നാലെ രാജുവിൻ്റെ സ്ഥാപനത്തിലും വീട്ടിലും ഇഡി റെയ്ഡ് നടത്തുകയും, ഉടമകളുടെ പേരിലുള്ള 44.5 കോടിയുടെ സ്വത്തുക്കൾ മരവിപ്പിക്കുകയും ചെയ്തിരുന്നു. ഈടൊന്നും നൽകാതെയാണ് ആൻ്റോ ആൻ്റണിക്ക് 20 കോടി നൽകിയത്. മകൾ ഉൾപ്പടെ ആൻ്റോ ആൻ്റണിയെ ചെന്ന് കാണുകയും, പണം നൽകുന്ന കാര്യം സംസാരിക്കുകയും ചെയ്തിരുന്നു. എന്നിട്ടും മനസാക്ഷിയില്ലാത്ത പ്രവൃത്തിയാണ് ആൻ്റോ കാണിച്ചതെന്നും പ്രതിസന്ധി ഘട്ടത്തിൽ പോലും സഹായിച്ചില്ലെന്നും രാജു പറഞ്ഞിരുന്നു.
അതേസമയം, രാജുവിൽ നിന്നും പണം വാങ്ങിയെന്ന ആരോപണം ആൻ്റോ ആൻ്റണി ശരിവച്ചു. എന്‍.എം. രാജു തനിക്ക് പണം തന്ന് സഹായിച്ചു എന്നത് വാസ്തവമാണ്. രണ്ട് മാസം കഴിഞ്ഞപ്പോൾ തന്നെ അത് തിരികെ കൊടുക്കുകയും ചെയ്തിട്ടുണ്ട്. നാട്ടിൽ പൊതു നടപ്പുള്ള കാര്യമാണ് താൻ ചെയ്തതെന്നും എംപി പറഞ്ഞിരുന്നു.
















