ഖനനം പൂർത്തിയായ ശേഷം ക്വാറികൾ സുരക്ഷാവേലിയും അപകടമൂന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കാതെയും ഗേറ്റുകൾ താഴിട്ടുപൂട്ടി സുരക്ഷ ഉറപ്പാക്കാതിരിക്കുകയും ചെയ്താൽ ക്വാറി പെർമിറ്റ് ഉടമയോ കരാറുകാരനോ സ്ഥലം ഉടമയോ നിയമനടപടികൾക്ക് വിധേയമാകേണ്ടി വരുമെന്ന വ്യവസ്ഥ ഉൾപ്പെടുത്തി കേരള മൈനർ മിനറൽ കൺസഷൻ ചട്ടം ഭേദഗതിക്കായുള്ള പ്രൊപ്പോസൽ ജൂലൈ 11 ന് സർക്കാരിന് അയച്ചതായി മൈനിംഗ് ആന്റ് ജിയോളജി ഡയറക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
മേയ് 28 ന് പരസ്യചിത്രം ചിത്രീകരിക്കാനെത്തിയ ഡൽഹി സ്വദേശിയായ യുവ മോഡൽ എറണാകുളം മുടക്കുഴ പെട്ടമലയിലെ ഉപയോഗശൂന്യമായ പാറക്കുളത്തിൽ മുങ്ങിമരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിൽ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.ഇന്നലെ (14-7 )പത്തടിപ്പാലം റസ്റ്റ് ഹൗസിൽ നടന്ന സിറ്റിംഗിൽ കേസ് പരിഗണിച്ചപ്പോഴാണ് മൈനിംഗ് ജിയോളജി ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചത് .
ഉപേക്ഷിക്കപ്പെട്ട ക്വാറികളിൽ വീണ് മരണങ്ങളും അപകടങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ ഇത്തരം ക്വാറികളിൽ നിന്നുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിനായി ക്വാറി സേഫ്റ്റി ഫണ്ടിൽ നിന്നും തുക വിനിയോഗിച്ച് പൊതുമരാമത്ത് വകുപ്പിന്റെ സഹായത്തോടെ ക്വാറികൾക്ക് വേലിക്കെട്ടൽ ഉൾപ്പെടെയുള്ള സുരക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് എറണാകുളം ജില്ലാ കളക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
കേരള മൈനർ മിനറൽ കൺസഷൻ ചട്ടങ്ങൾ പ്രകാരം ഉപേക്ഷിക്കപ്പെട്ട ക്വാറികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ക്വാറി സേഫ്റ്റി ഫണ്ട് രൂപീകരിച്ചിട്ടുള്ളതെന്ന് കളക്ടർ റിപ്പോർട്ടിൽ പറഞ്ഞു.സുരക്ഷാ നടപടികൾ ആവശ്യമായ ഉപേക്ഷിക്കപ്പെട്ട ക്വാറികളുടെ പട്ടിക സമർപ്പിക്കാൻ ജില്ലാ ജിയോളജിസ്റ്റിന് നിർദ്ദേശം നൽകിയിട്ടുള്ളതായി ജില്ലാ കളക്ടർ അറിയിച്ചു. റിപ്പോർട്ട് ലഭിച്ചാലുടൻ നടപടികൾ ആരംഭിക്കും.
ചിത്രീകരണത്തിനെത്തിയ സംഘം യാതൊരു വിധ അനുമതിയും കൂടാതെയാണ് പാറമട പ്രദേശത്ത് പ്രവേശിച്ചതെന്ന് ജില്ലാ കളക്ടർ റിപ്പോർട്ടിൽ പറഞ്ഞു. 20 വർഷം മുമ്പ് പ്രവർത്തനം നിർത്തിയ പാറമടയാണ് ഇത്. പ്രദേശത്ത് ജനവാസം കുറവാണ്. പെട്ടമല പാറമട പ്രദേശത്തിന് വലിയ വിസ്തൃതിയുണ്ട്. ഇത് പൂർണമായും അടച്ചു കെട്ടി സംരക്ഷിക്കുക പ്രയാസമാണ്. പ്രകൃതി ഭംഗി നിറഞ്ഞ സ്ഥലമായതിനാൽ മുടക്കുഴ പഞ്ചായത്തിന്റെ സഹകരണത്തോടെ ടൂറിസം പദ്ധതികൾ നടപ്പിലാക്കി അപകടങ്ങൾ ഒരു പരിധി വരെ ഒഴിവാക്കാമെന്ന് മൂവാറ്റുപുഴ ആർഡി ഒ റിപ്പോർട്ട് ചെയ്തതായി ജില്ലാ കളക്ടർ അറിയിച്ചു.
















