ശബരിമല സ്വർണക്കൊള്ളയിൽ ആൻ്റോ ആൻ്റണി എംപിയെ ചോദ്യം ചെയ്യാൻ എസ്ഐടി. നോട്ടീസ് നല്‍കി വിളിപ്പിക്കാനാണ് എസ്ഐടിയുടെ തീരുമാനം. സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്കൊപ്പമുളള ചിത്രങ്ങളില്‍ വ്യക്തത തേടാനാണ് എസ്ഐടിയുടെ തീരുമാനം.
പോറ്റിയുമായി ആൻ്റോ ആൻ്റണിക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കും. തന്ത്രിയുടെ നിക്ഷേപമുള്ള ബാങ്കിൽ പണമിടപാടുണ്ടോ എന്നും അന്വേഷിക്കും.
കഴിഞ്ഞ ദിവസം, യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വച്ചായിരുന്നു ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിൽ അസ്വാഭാവിക ഇല്ലെന്നായിരുന്നു അടൂർ പ്രകാശിൻ്റെ ആദ്യ പ്രതികരണം.
പിന്നാലെ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് രാഷ്ട്രീയപ്രേരിതമാണെന്ന് അടൂർ പ്രകാശ് തിരുത്തി പറഞ്ഞിരുന്നു.
ശബരിമലയിലെ സ്വർണം കട്ടവരും അത് വാങ്ങി വിറ്റവരുമായ പ്രതികൾക്കൊപ്പമുള്ള അടൂർ പ്രകാശിൻ്റെ നിരവധി ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇതാണ് അടൂർ പ്രകാശിനെ അന്വേഷണസംഘം ചോദ്യം ചെയ്യാനുള്ള കാരണം.
















