ശബരിമല സ്വർണക്കൊള്ളക്കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി പരിചയം മാത്രമെന്നും സാമ്പത്തിക ഇടപാടുകൾ ഇല്ലെന്നും എസ്ഐടിക്ക് മൊഴി നൽകി അടൂർ പ്രകാശ് എംപി. ചോദ്യം ചെയ്യാനല്ല എസ്‌ഐടി വിളിപ്പിച്ചതെന്നും മൊഴി രേഖപ്പെടുത്താനാണ് എസ്‌ഐടി വിളിച്ചതെന്നുമായിരുന്നു അടൂർ പ്രകാശ് പറഞ്ഞിരുന്നത്. പുറത്തുവന്ന ചിത്രങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ നൽകിയ വിശദീകരണം അടൂർ പ്രകാശ് ആവർത്തിച്ചു.
അതേസമയം, മൊഴികളിൽ വൈരുദ്ധ്യമുണ്ടെങ്കിൽ അടൂർ പ്രകാശിനെ എസ്ഐടി വീണ്ടും ചോദ്യം ചെയ്യും. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള അടുപ്പവും സോണിയാഗാന്ധിയുമായുള്ള കൂടിക്കാഴ്ച്ചയും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ രണ്ടര മണിക്കൂറാണ് അടൂർ പ്രകാശിനെ ചോദ്യം ചെയ്തത്.
എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകിയെന്നായിരുന്നു അടൂർ പ്രകാശിൻ്റെ പ്രതികരണം. ഇന്നലെ രാവിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേയ്ക്ക് വിളിച്ചു വരുത്തിയാണ് യുഡിഎഫ് കൺവീനറും എംപിയുമായ അടൂർ പ്രകാശിനെ സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക സംഘം ചോദ്യം ചെയ്തത്. പോറ്റിക്കൊപ്പമുള്ള ഫോട്ടോകൾ പുറത്തുവന്നപ്പോൾ തന്നെ പ്രകാശിനെ ചോദ്യം ചെയ്യാൻ എസ്ഐടി തീരുമാനിച്ചിരുന്നു.
















