സ്ഥാനമൊഴിയുന്ന ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർക്ക് ഇന്ന് ചുമതലയൊഴിയും. സംസ്ഥാന സർക്കാർ യാത്രയയപ്പ് നൽകും. ലോക്ഭവനിൽ സംസ്ഥാന സർക്കാർ പ്രൗഢഗംഭീരമായ ചടങ്ങ് ക്രമീകരിച്ചു. കേരളത്തിന്റെ പരമോന്നതബഹുമതിയായി ഏർപ്പെടുത്തിയ കേരള പുരസ്കാരങ്ങൾ ഗവർണർ സമ്മാനിക്കും.
തുടർന്ന്, സ്വകാര്യഹോട്ടലിൽ സംസ്ഥാനസർക്കാർ വിരുന്നും ഒരുക്കിയിട്ടുണ്ട്. സ്ഥാനമൊഴിയുമ്പോഴുള്ള പതിവ് യാത്രയയപ്പ് മുൻ ഗവർണറായിരുന്ന ആരിഫ് മുഹമ്മദ്ഖാന്റെ കാലത്താണ് തടസ്സപ്പെട്ടത്.
പിണറായി വിജയൻ സർക്കാരുമായി നിരന്തരം ഏറ്റുമുട്ടലിലായിരുന്ന അദ്ദേഹം, 2024 ഡിസംബർ അവസാനം ഔദ്യോഗിക യാത്രയയപ്പുകളൊന്നുമില്ലാതെയാണ് ബിഹാർ ഗവർണറായി പോയത്. രാജ്ഭവൻ ജീവനക്കാർ മാത്രമാണ് യാത്രയയപ്പ് നൽകിയത്.
യാത്രതിരിക്കുംമുൻപ് അദ്ദേത്തെ സന്ദർശിക്കാൻ മുഖ്യമന്ത്രിയോ മറ്റുമന്ത്രിമാരോ പോയതുമില്ല. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ വിയോഗത്തെത്തുടർന്നുള്ള ദുഃഖാചരണമായതിനാൽ ഔദ്യോഗികപരിപാടികളൊന്നും പാടില്ല എന്നത് സർക്കാർ ഒരു നിമിത്തമാക്കുകയും ചെയ്തു.















