ആലപ്പുഴ: ജെയ്നമ്മ കൊലക്കേസിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. ഏറ്റുമാനൂർ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. പള്ളിപ്പുറത്തെ വീട്ടുവളപ്പിൽ കണ്ടെത്തിയ അസ്ഥികൾ ജെയ്നമ്മയുടേത് തന്നെയെന്ന് സ്ഥീരീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.
കേസിൽ ചേർത്തല സ്വദേശി സെബാസ്റ്റ്യൻ മാത്രമാണ് പ്രതി. സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടുവളപ്പിൽ നിന്ന് അസ്ഥികളടക്കം കണ്ടെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺ ലൊക്കേഷനുമാണ് കേസിൽ നിർണായകമായത്. തെളിവെടുപ്പിൽ അസ്ഥികഷ്ണങ്ങളും ലഭിച്ചിരുന്നു.
ചേർത്തലയിലെ സെബാസ്റ്റ്യന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ രക്തക്കറയും കണ്ടെത്തിയിരുന്നു. ഇത് ജെയ്‌നമ്മയുടേതെന്ന് സ്ഥിരീകരിച്ചിരുന്നു. പിന്നാലെയാണ് കൊലപാതകം നടന്നതായി ക്രൈംബ്രാഞ്ച് സ്ഥിരീകരിക്കുന്നത്.
ജെയ്നമ്മയുടെ ഫോൺ സെബാസ്റ്റ്യൻ കൈവശംവച്ച് ഉപയോഗിച്ചതാണ് കുറ്റകൃത്യം തെളിയുന്നതിലേക്ക് എത്തിയത്. ഫോണിന്റെ സ്ഥാനം പിന്തുടർന്നുള്ള അന്വേഷണമാണ് നിർണായക വഴിത്തിരിവായത്. 2024 ഡിസംബറിലാണ് കോട്ടയം ഏറ്റുമാനൂർ സ്വദേശിനി ജെയ്നമ്മയെ കാണാതായത്.
















