സ്നേഹവും കരുതലും നൽകിയ കൈകൾക്ക് നേരെ തന്നെ മരണത്തിന്റെ വിത്തുപാകിയ ഒരു ക്രൂരതയുടെ കഥയാണ് എറണാകുളം തൃപ്പൂണിത്തുറയിൽ നിന്നും പുറത്തുവരുന്നത്. അയൽവാസിയും വീട്ടുക്കാരെപ്പോലെ അടുപ്പമുള്ളവനുമായിരുന്ന ബിലാൽ എന്ന യുവാവ്, ദമ്പതികളായ മുഹമ്മദ് സാലിയെയും ഷീബയെയും കൊലപ്പെടുത്തിയ വാർത്ത കേരള മനസാക്ഷിയെ നടുക്കിയിരിക്കുകയാണ്. തങ്ങളെ സഹായിച്ചവർക്കെതിരെ ഒരു ചെറുപ്പക്കാരൻ ഇത്രയും പൈശാചികമായ നീക്കം നടത്തിയത് എങ്ങനെ എന്ന ചോദ്യമാണ് ഇപ്പോൾ പോലീസിനെയും നാട്ടുകാരെയും ഒരുപോലെ അലട്ടുന്നത്.
മുഹമ്മദ് സാലിയും ഷീബയും ആ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. മകൾ വിദേശത്തായതിനാൽ അവർക്കിടയിൽ ഒരു മകനെപ്പോലെ കടന്നുചെന്നയാളാണ് ബിലാൽ. ലോക്ക്ഡൗൺ കാലത്തെ ബുദ്ധിമുട്ടുകളിലും പ്രളയക്കെടുതിയിലും ബിലാലിനെ കൈയയച്ച് സഹായിച്ചത് സാലിയായിരുന്നു. പലപ്പോഴും സ്വന്തം വീട്ടിൽ നിന്നും പിണങ്ങിയിറങ്ങുന്ന ബിലാലിന് അഭയം നൽകിയിരുന്നതും സാലിയുടെ തണലിലായിരുന്നു. എന്നാൽ ആ സ്നേഹത്തണലിനെ അറുത്തുമാറ്റാനാണ് ബിലാൽ പദ്ധതിയിട്ടതെന്ന് ആ പാവം ദമ്പതികൾ അറിഞ്ഞിരുന്നില്ല.
ജൂൺ ഒന്നിന് രാവിലെ വളരെ ലാഘവത്തോടെയാണ് ബിലാൽ സാലിയുടെ വീട്ടിലെത്തിയത്. അവിടെവച്ച് ഉടലെടുത്ത ഒരു ചെറിയ തർക്കം പിന്നീട് മാരകമായ ആക്രമണത്തിൽ കലാശിക്കുകയായിരുന്നു. ടീപ്പോയുടെ തടികൊണ്ട് സാലിയെയും പിന്നീട് തടയാൻ ശ്രമിച്ച ഷീബയെയും അവൻ ക്രൂരമായി അടിച്ചു വീഴ്ത്തി. ഇരട്ടക്കൊലപാതകം ഒരു അപകടമായി വരുത്തിതീർക്കാൻ സാലിയുടെയും ഷീബയുടെയും ദേഹത്ത് വൈദ്യുതി കമ്പികൾ ചുറ്റി ഷോക്കടിപ്പിക്കാനും, ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് തീ കൊളുത്താനും അവൻ ശ്രമിച്ചു. ശേഷം ആഭരണങ്ങളും ഫോണും കവർന്ന് ദമ്പതികളുടെ തന്നെ കാറിൽ അവിടെനിന്ന് കടന്നുകളയുകയായിരുന്നു.
കൃത്യത്തിന് ശേഷം യാതൊരു കുറ്റബോധവുമില്ലാതെയാണ് പ്രതി പെരുമാറിയത്. ഇടപ്പള്ളിയിലെ ഒരു ഹോട്ടലിൽ പാചകക്കാരനായി ജോലിക്ക് കയറിയ ബിലാൽ, തന്റെ പഴയ ക്രിമിനൽ സ്വഭാവം ഒളിപ്പിച്ചു വെച്ച് അവിടെ ജീവിച്ചു. എന്നാൽ സാലിയുടെ ഉപേക്ഷിക്കപ്പെട്ട കാർ ആലപ്പുഴയിൽ നിന്നും കണ്ടെത്തിയതോടെ അന്വേഷണം ഊർജിതമായി. മകന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ പിതാവിന്റെ വെളിപ്പെടുത്തലുകളും സി.സി.ടി.വി ദൃശ്യങ്ങളും പ്രതിയെ കുടുക്കാൻ പോലീസിനെ സഹായിച്ചു.
ഒടുവിൽ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ബിലാൽ വലയിലായത്. തണ്ണീർമുക്കം കായലിൽ ഉപേക്ഷിച്ച ആഭരണങ്ങൾ സ്കൂബ ടീം കണ്ടെടുത്തു. ഓൺലൈൻ ഗെയിമുകൾ കളിക്കാനുള്ള പണത്തിന് വേണ്ടിയും, അസമിലുള്ള തന്റെ കാമുകിയെ കാണാൻ പോകാനുള്ള ആഡംബര യാത്രയ്ക്കുമാണ് താൻ ഈ കൊലപാതകങ്ങൾ നടത്തിയതെന്ന് ബിലാൽ മൊഴി നൽകി. മാനസികരോഗിയാണെന്ന വാദം ഉയർത്തി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും, കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കൊലപാതകമാണിതെന്ന് പോലീസ് കോടതിയിൽ വ്യക്തമാക്കി.
















