ശബരിമലയിൽ നിന്നും സ്വർണം പൊതിഞ്ഞ ചെമ്പ് പാളികൾ കടത്തിക്കൊണ്ടുപോയി പകരം പുതിയവ സ്ഥാപിച്ചെന്ന ആരോപണത്തിൽ ദുരൂഹത തുടരുന്നു. വിക്രം സാരാഭായ് സ്പേസ് സെന്റർ (VSSC) നടത്തിയ ശാസ്ത്രീയ പരിശോധനയുടെ അന്തിമ ഫലം പുറത്തുവന്നെങ്കിലും, പ്രധാന ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാൻ ഈ റിപ്പോർട്ടിന് സാധിച്ചിട്ടില്ല. പഴയ പാളികൾ പൂർണ്ണമായും മാറ്റി പുതിയവ വെച്ചതാണോ എന്ന കാര്യത്തിൽ ഇപ്പോഴും ആശയക്കുഴപ്പം നിലനിൽക്കുകയാണ്.
വിഎസ്എസ്‌സി റിപ്പോർട്ടിലെ അവ്യക്തത പരിഹരിക്കാൻ സ്വർണ്ണപ്പാളികളുടെ സാമ്പിളുകൾ ഒരിക്കൽ കൂടി ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കൂടുതൽ അത്യാധുനിക സൗകര്യങ്ങളുള്ള മറ്റൊരു ലാബിൽ കൂടി സാമ്പിളുകൾ പരിശോധിക്കും. പഴയ പാളികളുടെ കാലപ്പഴക്കവും നിലവിലുള്ളവയുടെ സവിശേഷതകളും തമ്മിലുള്ള അന്തരം കണ്ടെത്തുകയാണ് ലക്ഷ്യം. കടത്തിക്കൊണ്ടുപോയതായി സംശയിക്കുന്ന പാളികൾ മറിച്ചുവിറ്റ് പകരം പുതിയവ സ്ഥാപിച്ചോ എന്നതിലാണ് നിലവിൽ അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നത്.
കേസിലെ സുപ്രധാനമായ റിപ്പോർട്ട് അന്വേഷണസംഘം നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും. നഷ്ടപ്പെട്ടതായി കണക്കാക്കുന്ന സ്വർണത്തിന്റെ ഏകദേശ അളവും, ശാസ്ത്രീയ പരിശോധനയിൽ നേരിടുന്ന പ്രതിസന്ധികളും റിപ്പോർട്ടിൽ വിശദീകരിക്കും. തുടരന്വേഷണത്തിനായി മറ്റൊരു ലാബിനെ ആശ്രയിക്കേണ്ടതിന്റെ ആവശ്യകതയും കോടതിയെ ബോധിപ്പിക്കും. ശാസ്ത്രീയ റിപ്പോർട്ട് വന്നാൽ എല്ലാ സംശയങ്ങളും തീരുമെന്ന് കരുതിയ അന്വേഷണ ഉദ്യോഗസ്ഥർക്ക് വിഎസ്എസ്‌സി ഫലം തിരിച്ചടിയായ സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടൽ നിർണ്ണായകമാകുന്നത്.
















