രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചതിനെ സമുദായത്തിന് ലഭിച്ച വലിയ അംഗീകാരമായി കാണുന്നുവെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പുരസ്കാരം തന്റെ വ്യക്തിപരമായ നേട്ടമായി കാണുന്നില്ലെന്നും, ഇത് ശ്രീനാരായണ ഗുരുദേവന്റെ പാദങ്ങളിൽ സമർപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മമ്മൂട്ടിക്ക് പത്മ പുരസ്കാരം ലഭിച്ചത് അദ്ദേഹത്തിന്റെ അഭിനയ മികവിനുള്ള അംഗീകാരമായാണെങ്കിൽ, തനിക്ക് ഇത് ലഭിച്ചത് മൈക്രോഫിനാൻസ് അടക്കമുള്ള മേഖലകളിലെ സമുദായത്തിന്റെ കൂട്ടായ പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലമാണെന്ന് വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. താഴെത്തട്ടിലുള്ള ജനങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതിക്കായി നടത്തിയ ഇടപെടലുകൾക്കുള്ള അംഗീകാരമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
വിമർശനങ്ങളെയും വിവാദങ്ങളെയും കുറിച്ച് ചോദിച്ചപ്പോൾ താൻ “തീയിൽ കുരുത്തവനാണെന്നും വെയിലത്ത് വാടില്ലെന്നും” വെള്ളാപ്പള്ളി മറുപടി നൽകി. പ്രതിസന്ധികളെ നേരിട്ടാണ് താൻ മുന്നോട്ട് വന്നതെന്നും, ഇത്തരം അംഗീകാരങ്ങൾ തന്റെ പ്രവർത്തനങ്ങൾക്കുള്ള ഊർജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഈ പത്മഭൂഷൺ എനിക്കുള്ളതല്ല, എന്റെ സമുദായത്തിനുള്ളതാണ്. ലക്ഷക്കണക്കിന് സാധാരണക്കാരുടെ പ്രാർത്ഥനയും അധ്വാനവും ഇതിന് പിന്നിലുണ്ട്.”
– വെള്ളാപ്പള്ളി നടേശൻ
















