കർണാടകയിൽ ഭർത്താവും ഭർതൃകുടുംബവും നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും വേശ്യാവൃത്തിക്ക് നിർബന്ധിക്കുകയും ചെയ്തതിൽ മനംനൊന്ത് ജീവനൊടുക്കി യുവതി. കർണാടകയിലെ ബീദർ ജില്ലയിലെ ഭാൽക്കി സ്വദേശിനിയായ അഞ്ജനാബായി ശേഖർ പാട്ടീലിനെയാണ് (22) ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
2022-ലാണ് കർണാടകയിലെ ബീദർ ജില്ലയിലെ ബസവ കല്യാൺ സ്വദേശിയായ ശേഖർ പാട്ടിലുമായി അഞ്ജനാബായിയുടെ വിവാഹം കഴിഞ്ഞത്. ഇവർക്ക് 11 മാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്. യുവതിയെ ഭർത്താവും കുടുംബവും ചേർന്ന് വേശ്യാവൃത്തിക്ക് നിർബന്ധിച്ചുവെന്നും ഇതാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും പോലീസ് പറയുന്നു.
യുവതിയുടെ പിതാവിന്റെ പരാതിയിലാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. സംഭവവുമായി ബന്ധപെട്ടു പോലീസ് ഇതിനകം മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളിൽ ഒരാൾ ശേഖർ പാട്ടിലാണ്. മറ്റുള്ളവർ ഇയാളുടെ അടുത്ത ബന്ധുക്കളാണെന്നാണ് സൂചന.
















