മുഖ്യമന്ത്രി പിണറായി വിജയന്റെ ഒരു നിയമസഭാ പ്രസംഗം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പട്ടികജാതി സംവരണം നിർത്തലാക്കാൻ എല്ലാവരും യോജിച്ചു പ്രവർത്തിക്കണമെന്ന് അദ്ദേഹം പറയുന്നുവെന്ന രീതിയിലുള്ള വീഡിയോയാണിത്. മുതലാളി വർഗത്തിന്റെ ചാരനായ തൊഴിലാളി വർഗ പാർട്ടിയുടെ നേതാവാണ് ഇത്തരമൊരു പ്രസ്ഥാവന നടത്തിയതെന്നാണ് വൈറൽ പോസ്റ്റിലെ വിവരണം. 22 സെക്കന്റ് മാത്രം ദൈർഘ്യമുള്ള വീഡിയോയാണിത്.
2019 ഡിസംബർ 31ന് പട്ടികജാതി, പട്ടികവഗ സംവരണം 10 വർഷത്തേയ്ക്ക് കൂടി നീട്ടണമെന്ന പ്രമേയം അവതരിപ്പിക്കുന്നതിനിടെ മുഖ്യമന്ത്രിക്ക് സംഭവിച്ച നാക്കുപിഴയാണ് തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നത്.
അന്വേഷണം
വൈറൽ വീഡിയോ സൂക്ഷ്മമായി നിരീക്ഷിക്കുമ്പോൾ മുഖ്യമന്ത്രിയുടെ സമീപത്തായി ഇരിക്കുന്നത് മുൻമന്ത്രി ഇപി ജയരാജനാണെന്ന് കാണാം. ഇതിൽ നിന്ന് വീഡിയോ പഴയതായിരിക്കാം എന്ന സൂചന ലഭിച്ചു. മാത്രമല്ല വീഡിയോ ഇടയ്ക്ക് കട്ട് ചെയ്തിട്ടുള്ളതായി വ്യക്തമാകുന്നുമുണ്ട്. “ഏത് കാര്യത്തിലും യോജിപ്പുണ്ടാകുന്ന കാര്യത്തിൽ യോജിപ്പാണ് നല്ലത്. ആരെയും ഭിന്നിപ്പിക്കാൻ നിൽക്കുകയല്ല നമ്മൾ.” എന്നാണ് വീഡിയോയുടെ ആദ്യ ഭാഗത്ത് മുഖ്യമന്ത്രി പറയുന്നത്. “പട്ടികജാതി വിഭാഗത്തിന് സംവരണം കൊടുക്കുന്നതിന്, സംവരണം കൊടുക്കുന്നതിന് നമുക്കൊന്നും യോജിപ്പില്ല. അതിന് മറ്റാരെങ്കിലും യോജിച്ചാൽ നമ്മെളെന്തോ വൻ അബദ്ധത്തിലായിപ്പോകും എന്ന ധാരണ വേണ്ട ” എന്നാണ് രണ്ടാമത്തെ ഭാഗത്തിൽ അദ്ദേഹം പറയുന്നത്. എന്നാൽ ഈ വാചകങ്ങൾ അപൂർണ്ണമാണ്.
പട്ടികജാതി സംവരണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ എന്തെങ്കിലും പ്രസ്ഥാവന നടത്തിയിട്ടുണ്ടോ എന്ന വിവരമാണ് തുടർന്ന് ഞങ്ങൾ പരിശോധിച്ചത്. കീവേർഡ് സെർച്ചിൽ കേരള നിയമസഭയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലോ മാധ്യമ റിപ്പോർട്ടുകളിലോ ഇതുസംബന്ധിച്ച വിവരമൊന്നും ലഭ്യമായില്ല. പിന്നീട് ഞങ്ങൾ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടു. വൈറൽ വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രിയുടെ ഓഫിസിലെ സോഷ്യൽ മീഡിയ വിഭാഗം സ്ഥിരീകരിച്ചു. വൈറൽ പോസ്റ്റിൽ ഉപയോഗിച്ചിട്ടുള്ള ക്ലിപ്പ് 2019 ഡിസംബറിൽ മുഖ്യമന്ത്രി നടത്തിയ നിയമസഭാ പ്രസംഗത്തിൽ നിന്നുള്ളതാണ്. പട്ടികജാതി, പട്ടികവർഗ സംവരണം 10 വർഷത്തേയ്ക്ക് കൂടി നീട്ടണം എന്നാവശ്യപ്പെട്ട് കേരള നിയമസഭ പാസാക്കിയ പ്രമേയം അവതരിപ്പിക്കുന്നതിനിടെ മുഖ്യമന്ത്രിക്ക് സംഭവിച്ച നാക്കുപിഴയാണ് വൈറൽ വീഡിയോയിൽ തെറ്റായി ഉപയോഗിച്ചിട്ടുള്ളത്. 2019 ഡിസെബർ 31ന് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രസ്തുത പ്രമേയം ഐകകണ്‌ഠേനയാണ് കേരള നിയമസഭ പാസാക്കിയത്.
ലഭ്യമായ വിവരങ്ങളിൽ നിന്ന് പട്ടികജാതി സംവരണം നിർത്തലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്ന വീഡിയോ ക്ലിപ്പ്ഡ് ആണെന്ന് വ്യക്തമായി.
















